എട്ടാം വയസ്സിൽ ബ്ലാക്ക് ബെൽറ്റ്: കരാട്ടെയിൽ വിസ്മയമായി സാറ മറിയം അസീം
തിരുവനന്തപുരം:
കരാട്ടെ ആയോധനകലയിൽ അപൂർവ്വ നേട്ടം സ്വന്തമാക്കി എട്ടു വയസ്സുകാരി സാറ മറിയം അസീം. മേയ്റോ മാർഷ്യൽ കരാട്ടെ ഡോ 2025-26 സംഘടിപ്പിച്ച അഞ്ചു ദിവസത്തെ ബ്ലാക്ക് ബെൽറ്റ് ക്യാമ്പിൽ പങ്കെടുത്താണ് സാറ ഈ നേട്ടം കരസ്ഥമാക്കിയത്. ക്രൈസ്റ്റ് നഗർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ സാറ, ഏറ്റവും പ്രായം കുറഞ്ഞ ബ്ലാക്ക് ബെൽറ്റ് ജേതാക്കളിൽ ഒരാളായാണ് ഈ അംഗീകാരം നേടിയത്.
തിരുവനന്തപുരം കമലേശ്വരം കല്ലാട്ട് മുക്ക് സ്വദേശികളായ പ്രവാസി അസീമിന്റെയും ബിൻഷായുടെയും മകളാണ് സാറ. മേയ്റോ മാർഷ്യൽ കരാട്ടെ ഡോ പ്രസിഡൻ്റ് ക്യോഷി അബ്ദുൽ റഹ്മാൻ പള്ളിത്തെരുവാണ് സാറയുടെ പരിശീലകൻ. കഠിനമായ പരിശീലനത്തോടൊപ്പം മാനസികാരോഗ്യ പരീക്ഷയും തിയറി പരീക്ഷയും പിന്നിട്ടാണ് കൊച്ചുമിടുക്കി ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുൻ മന്ത്രി വി. ശിവൻകുട്ടിയും മുൻ എം.എൽ.എ കെ.എസ്. ശബരിനാഥനും ചേർന്ന് സാറയ്ക്ക് ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. ആയോധനകലയോടുള്ള സാറയുടെ താൽപ്പര്യം വരും തലമുറയ്ക്ക് മാതൃകയാണെന്ന് പൂന്തുറ പുത്തൻപള്ളി വാർഡ് കൗൺസിലർ ഷംന ടീച്ചർ പറഞ്ഞു. കേരള സ്പോർട്സ് കൗൺസിലിന് കീഴിൽ കേരള കരാട്ടെ അസോസിയേഷൻ നടത്തിയ ചാമ്പ്യൻഷിപ്പിലും സാറ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. നേരത്തെ ക്യോഷി അബ്ദുൽ റഹ്മാന്റെ ശിക്ഷണത്തിൽ അഭിഷേക്, അഖിൽ വിനയ് തുടങ്ങിയവരും ബ്ലാക്ക് ബെൽറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു.
