സിഎംആർഎൽ കേസ്: വീണ വിജയനെതിരെ ഹവാല തെളിവുകളുമായി ഇ.ഡി; ഡയറി കണക്കുകളും വ്യാജ സിം കാർഡും കണ്ടെത്തി
തിരുവനന്തപുരം:
സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ കൂടുതൽ പ്രതിരോധത്തിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വെളിപ്പെടുത്തൽ. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ഒമ്പത് കേന്ദ്രങ്ങളിൽ നടത്തിയ നിർണായക പരിശോധനകൾക്ക് പിന്നാലെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഹവാല ഇടപാടുകൾ ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ വിവരങ്ങൾ ഇ.ഡി വെളിപ്പെടുത്തിയത്.
നേരത്തെ വീണയുടെ വസതിയിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡയറി രേഖകളാണ് കേസിലെ പ്രധാന തെളിവായി മാറിയിരിക്കുന്നത്. ഡയറിയിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയ വ്യക്തികളുടെ വിശദാംശങ്ങളും ദുബായിലേക്ക് ഹവാല മാർഗ്ഗത്തിലൂടെ കൈമാറിയ ഏകദേശം 85 ലക്ഷം രൂപയുടെ വിവരങ്ങളും അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇന്ത്യയ്ക്കകത്തുനടന്ന 20.05 കോടി രൂപയുടെ മറ്റ് സാമ്പത്തിക ഇടപാടുകളുടെ കണക്കുകളും ഇതേ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്.
സിഎംആർഎല്ലിൽ നിന്ന് ഐടി കൺസൾട്ടൻസി സേവനങ്ങളുടെ മറവിൽ എക്സാലോജിക് സൊല്യൂഷൻസ് കൈപ്പറ്റിയ 2.78 കോടി രൂപയേക്കാളും, എംപവർ ഇന്ത്യ കമ്പനി വഴി ലഭിച്ച 50 ലക്ഷം രൂപയുടെ വായ്പയേക്കാളും വളരെ വലിയ തുകയാണ് ഈ ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അറിയപ്പെടുന്ന വരുമാന സ്രോതസ്സുകൾക്ക് അപ്പുറത്തുള്ള വൻ തുക ഹവാല ശൃംഖല വഴി വിദേശത്തേക്കും തിരിച്ചും ഒഴുകിയെന്നാണ് അന്വേഷണ ഏജൻസി വ്യക്തമാക്കുന്നത്.
അനധികൃത സാമ്പത്തിക ഇടപാടുകൾക്കായി അതീവ രഹസ്യസ്വഭാവമുള്ള ആശയവിനിമയ മാർഗ്ഗങ്ങളാണ് ഉപയോഗിച്ചിരുന്നത്. പരിശോധനയിൽ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് വ്യാജ പേരിൽ എടുത്ത സിം കാർഡിന്റെ വിവരങ്ങൾ ലഭിച്ചു. വൈഫൈ റൂട്ടറിൽ ഈ സിം ഉപയോഗിച്ച് ഇന്റർനെറ്റ് അധിഷ്ഠിത കോളുകൾ വഴിയാണ് ഹവാല ഇടപാടുകാരുമായി ആശയവിനിമയം നടത്തിയിരുന്നത്.
കഴിഞ്ഞ 15 വർഷത്തിനിടെ സിഎംആർഎൽ കമ്പനി നിർമ്മിച്ച 182 കോടി രൂപയുടെ വ്യാജ പണച്ചെലവുകളിൽ നിന്നാണ് ഈ തുക സമാഹരിച്ചതെന്നാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെയും (SFIO) ഇ.ഡിയുടെയും വിലയിരുത്തൽ. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ പിഎംഎൽഎ (PMLA) നിയമപ്രകാരം ശക്തമായ തുടർനടപടിയിലേക്ക് കടക്കാനാണ് ഇ.ഡിയുടെ തീരുമാനം.
