ഓപ്പറേഷൻ തൂഫാൻ: മരടിൽ 25 ഗ്രാമിലധികം എം.ഡി.എം.എ.യുമായി മലപ്പുറം സ്വദേശി ഡാൻസാഫ് പിടിയിൽ

 ഓപ്പറേഷൻ തൂഫാൻ: മരടിൽ 25 ഗ്രാമിലധികം എം.ഡി.എം.എ.യുമായി മലപ്പുറം സ്വദേശി ഡാൻസാഫ് പിടിയിൽ

BY:HABEEB IDAPALLY

കൊച്ചി:

ലഹരിവിരുദ്ധ ഡ്രൈവായ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി മരട് പോലീസ് സ്റ്റേഷൻ പരിധിയിൽ വൻ രാസലഹരി വേട്ട. 25.360 ഗ്രാം എം.ഡി.എം.എ.യുമായി (MDMA) മലപ്പുറം തിരുവാലി കൊട്ടാര സ്വദേശി കുപ്പാത് വീട്ടിൽ സിറാജുദ്ദീൻ (31) ആണ് എറണാകുളം ഡാൻസാഫ് (DANSAF) ടീമിന്റെ പിടിയിലായത്. തൈക്കൂടം കനാൽ റോഡിന് സമീപമുള്ള വാടകവീട്ടിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

തൈക്കൂടത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനം നടത്തിയിരുന്ന പ്രതി, ഇതിന്റെ മറവിലാണ് രാസലഹരി കച്ചവടം നടത്തിവന്നിരുന്നത്. സെക്കൻഡ് ഹാൻഡ് വാഹന കച്ചവടത്തിന്റെ ഭാഗമായി അന്യസംസ്ഥാനങ്ങളിൽ നിന്ന് വാഹനങ്ങൾ വാങ്ങാൻ പോകുമ്പോഴാണ് ഇയാൾ കേരളത്തിലേക്ക് ലഹരി എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ദിവസങ്ങളായി ഇയാൾ പോലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ ലഹരി ശൃംഖലയെക്കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ഡി.സി.പി.മാരായ അശ്വതി ജിജി ഐ.പി.എസ്, അരുൺ കെ. പവിത്രൻ ഐ.പി.എസ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതിയെ വലയിലാക്കിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News