ഇഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധം ശക്തമാക്കാൻ സിപിഎം; വിപുലീകരിച്ച സംസ്ഥാന കമ്മിറ്റിയിൽ പ്രമേയം പാസാക്കി
BY : C K V KOZHIKODU
കോഴിക്കോട്:
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ ശക്തമായി അപലപിച്ച് സിപിഎം വിപുലീകരിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രമേയം പാസാക്കി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. കെ. ബിജു അവതരിപ്പിച്ച പ്രമേയം യോഗം ഏകകണ്ഠമായി അംഗീകരിച്ചു. പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഇഡി നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന വിലയിരുത്തലിലാണ് പാർട്ടി ഒന്നടങ്കം പ്രമേയത്തെ പിന്തുണച്ചത്.
രാവിലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്ന കടുത്ത നിലപാടാണ് വിപുലീകരിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിലും പ്രമേയമായി അവതരിപ്പിക്കപ്പെട്ടത്. നേരത്തെ ഇഡി വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന് വ്യത്യസ്ത നിലപാടുകൾ ഉണ്ടായിരുന്നെങ്കിലും, മാധ്യമങ്ങളിലൂടെ പുതിയ വാർത്തകളും രേഖകളും പുറത്തുവരുന്ന സാഹചര്യത്തിൽ പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണമെന്ന നിലപാടിലേക്ക് സംസ്ഥാന നേതൃത്വം എത്തുകയായിരുന്നു. തിരുവനന്തപുരവും കോട്ടയവും ഒഴികെയുള്ള 12 ജില്ലാ കമ്മിറ്റികളും ചർച്ചകളിൽ ഇഡിയുടെ രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ ശക്തമായ വിമർശനമുന്നയിച്ചു.
ഇഡിക്കെതിരെ പാർട്ടി തലത്തിൽ രാഷ്ട്രീയ പ്രതിരോധം തീർത്തില്ലെങ്കിൽ അത് തെറ്റായ സന്ദേശം നൽകുമെന്നും, പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്നുമുള്ള വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വത്തിൻ്റെ അംഗീകാരത്തോടെ അടിയന്തരമായി പ്രമേയം കൊണ്ടുവന്ന് പാസാക്കിയത്. ഇതിൻ്റെ പിന്തുടർച്ചയായി വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തിലും ഇഡിക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടാകാനുള്ള സാഹചര്യമുണ്ട്.
അതേസമയം മാസപ്പടി കേസിൽ പിണറായി വിജയൻ്റെ മകൾ ടി. വീണയ്ക്കും ഭർത്താവ് പി. എ. മുഹമ്മദ് റിയാസിനുമെതിരെ നിർണായക വെളിപ്പെടുത്തലുകളുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇരുവർക്കുമെതിരെ വലിയ രീതിയിലുള്ള സാമ്പത്തിക ക്രമക്കേടുകളും ഹവാല ഇടപാടുകളും നടന്നതായി ആരോപിക്കുന്നത്. വീണയുടെ ഡയറിക്കുറിപ്പുകളും മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടവർ നൽകിയ മൊഴികളുമാണ് കേസിൽ നിർണായക തെളിവുകളായി ഇഡി ചൂണ്ടിക്കാണിക്കുന്നത്.
