‘ഏറ്റവും തടിച്ച തെരുവുനായ’: ദില്ലിയിൽ വോട്ടെടുപ്പിലൂടെ ‘ഗോള’യ്ക്ക് വിജയം; കൗതുകമായി ഇൻസ്റ്റാഗ്രാം മത്സരം
അലാസ്കയിലെ വാർഷിക ‘ഫാറ്റ് ബിയർ വീക്ക്’ (Fat Bear Week) മാതൃകയിൽ സംഘടിപ്പിച്ച ‘ഫാറ്റ് ഡോഗ്സ് ഓഫ് ഡൽഹി’ (Fat Dogs of Delhi) മത്സരം ഇൻസ്റ്റാഗ്രാമിനെ ഒരു വെർച്വൽ വോട്ടെടുപ്പ് കേന്ദ്രമാക്കി മാറ്റുകയും ഏകദേശം 1,00,000 ഫോളോവേഴ്സിനെ ആകർഷിക്കുകയും ചെയ്തു

ന്യൂഡൽഹി: തലസ്ഥാനത്തെ ‘ഏറ്റവും തടിച്ച നായയെ’ (Fattest Dog) കണ്ടെത്താനായി സോഷ്യൽ മീഡിയയിൽ നടന്ന കൗതുകകരമായ ഓൺലൈൻ വോട്ടെടുപ്പ് വാർത്തകളിൽ നിറയുന്നു. അലാസ്കയിലെ പ്രശസ്തമായ ‘ഫാറ്റ് ബെയർ വീക്ക്’ മാതൃകയിൽ സംഘടിപ്പിക്കപ്പെട്ട മത്സരത്തിൽ ഇൻസ്റ്റാഗ്രാം വഴി നടന്ന വോട്ടെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. ഡൽഹിയിലെ ഹൗസ് ഖാസ് എസ്.ഡി.എ മാർക്കറ്റിലെ തെരുവുനായയായ ‘ഗോള’യാണ് (കേബാബ് / രാജ്പാൽ സിംഗ്) വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത്.
സെപ്റ്റംബർ 24-ന് ആരംഭിച്ച മത്സരത്തിൽ ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 64 നായകളാണ് മത്സരിച്ചത്. ‘ഫാറ്റ് ഡോഗ്സ് ഓഫ് ഡൽഹി’ (@fatdogsofdelhi) എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയായിരുന്നു വോട്ടെടുപ്പ്. ഒരു ലക്ഷത്തോടടുത്ത് ആളുകളാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ മത്സരത്തെ പിന്തുടർന്നത്. സ്ഥാനാർത്ഥികൾക്കായി പോസ്റ്ററുകളും പ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നു. പേയ്ഡ് പബ്ലിസിറ്റിയെക്കുറിച്ചുള്ള ആരോപണങ്ങൾ വരെ പോരാട്ടത്തിന് ചൂടുപിടിപ്പിച്ചു.
മത്സരത്തിനിടയിലെ വേർപാട്
മത്സരത്തിൽ മുന്നിട്ടുനിന്നിരുന്ന ‘ഗോള’ വോട്ടെടുപ്പിന്റെ അവസാന ഘട്ടങ്ങൾക്ക് തൊട്ടുമുമ്പ് അപ്രതീക്ഷിതമായി മരണപ്പെട്ടിരുന്നു. എന്നാൽ സംഘാടകർ ഗോളയെ മത്സരത്തിൽ നിന്ന് ഒഴിവാക്കിയില്ല. ഫൈനൽ റൗണ്ടിൽ സാകേതിൽ നിന്നുള്ള ‘ഗൂഗു’ എന്ന തവിട്ടും വെള്ളയും കലർന്ന വലിയ നായയെ പരാജയപ്പെടുത്തിയാണ് അന്തരിച്ച ഗോള ജനപ്രിയ പട്ടം സ്വന്തമാക്കിയത്. പേജിലെ ഓൺലൈൻ വോട്ടുകൾക്ക് പുറമെ നഗരത്തിലെ ചില കേന്ദ്രങ്ങളിൽ ഓഫ്‌ലൈൻ വോട്ടിങ് ബൂത്തുകളും സംഘാടകർ ഒരുക്കിയിരുന്നു.
ദില്ലിയിലെ തെരുവുനായകളുടെ അവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കാനും മൃഗസംരക്ഷ സംഘടനകൾക്ക് പിന്തുണ തേടാനുമാണ് ഈ ഇൻസ്റ്റാഗ്രാം കൂട്ടായ്മ ലക്ഷ്യമിടുന്നത്. ദില്ലിയിലെ തെരുവുനായ ആക്രമണങ്ങളും നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധികളും ചർച്ചകളും നടക്കുന്നതിനിടയിലാണ് ഇത്തരമൊരു ഇൻസ്റ്റാഗ്രാം മത്സരം ജനശ്രദ്ധ നേടിയത്.
