ആർ ശ്രീലേഖയുടെ രാജിക്കത്തിൽ ആശയക്കുഴപ്പം: പ്രതികരണവുമായി മേയറും പ്രതിപക്ഷവും

 ആർ ശ്രീലേഖയുടെ രാജിക്കത്തിൽ ആശയക്കുഴപ്പം: പ്രതികരണവുമായി മേയറും പ്രതിപക്ഷവും

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖയുടെ രാജിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുന്നു. കൗൺസിലർ സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് മേയർ വി.വി. രാജേഷിന് നൽകിയതായി വാർഡ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ശ്രീലേഖ വ്യക്തമാക്കിയെങ്കിലും, നിയമപരമായി കൗൺസിലർ പദവി ഒഴിയാൻ രാജിക്കത്ത് സമർപ്പിക്കേണ്ടത് നഗരസഭാ സെക്രട്ടറിക്കാണ്. നിലവിൽ തനിക്ക് ഔദ്യോഗികമായി രാജിക്കത്തൊന്നും ലഭിച്ചിട്ടില്ലെന്ന് നഗരസഭ സെക്രട്ടറി വ്യക്തമാക്കി.

ശ്രീലേഖയുടെ കത്ത് ലഭിച്ച കാര്യം മേയർ വി.വി. രാജേഷ് സ്ഥിരീകരിച്ചു. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയതെന്നും അത്തരം കാര്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ സ്ഥാനമാനങ്ങൾ നൽകുന്നത് ഓരോരുത്തരുടെയും ശേഷി വിലയിരുത്തിയാതാണെന്നും മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങുന്നയാളല്ല ശ്രീലേഖയെന്നും മേയർ കൂട്ടിച്ചേർത്തു.

വിഷയത്തിൽ രൂക്ഷവിമർശനവുമായി സിപിഐഎമ്മും എൽഡിഎഫ് നേതൃത്വവും രംഗത്തെത്തി. വഴിവിട്ട മാർഗ്ഗങ്ങളിലൂടെ ഭരണം പിടിച്ചെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജനാധിപത്യ മാർഗ്ഗത്തിലൂടെ നഗരസഭാ ഭരണം തിരിച്ചുപിടിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. ഉന്നത സ്ഥാനങ്ങൾക്കായുള്ള വിലപേശലിന്റെ ഭാഗമാണ് ഈ നാടകമെന്നും അദ്ദേഹം വിമർശിച്ചു. ബിജെപിക്ക് അകത്തെ അസ്വസ്ഥതയും ജീർണതയുമാണ് രാജിയിലൂടെ പുറത്തുവരുന്നതെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ബിജെപിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണെന്നും എന്നാൽ ഇത് ഭരണപ്രതിസന്ധിക്ക് വഴിവെക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ചൂണ്ടിക്കാട്ടി.

മേയർ സ്ഥാനം ലഭിക്കാത്തതിലുള്ള അതൃപ്തിയാണ് രാജിക്കു പിന്നിലെന്നാണ് സൂചനകൾ. ബിജെപിക്ക് കേവലഭൂരിപക്ഷത്തിന് തൊട്ടടുത്ത അംഗങ്ങൾ മാത്രമുള്ള നഗരസഭയിൽ ഈ രാജി ഭരണസമിതിക്ക് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News