ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടത്തിന് അങ്കുരാർപ്പണം: ആദ്യദിനത്തിലെ ‘അവതാരം’ വഴിപാട് ശീട്ടാക്കി 364 ഭക്തർ
BY: PRANAV GURUVAYUR
ഗുരുവായൂർ: മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കൃഷ്ണനാട്ടത്തിന് തുടക്കമായി. ബുധനാഴ്ച രാത്രി അത്താഴപൂജയ്ക്കും തൃപ്പുകയ്ക്കും ശേഷം ശ്രീലകവാതിൽ അടച്ചതോടെ ക്ഷേത്രത്തിലെ വടക്കേ പ്രദക്ഷിണവഴിയിൽ കളിവിളക്ക് തെളിഞ്ഞു.
നിറഞ്ഞ ഭക്തസദസ്സിന് മുന്നിൽ ആദ്യ കഥയായ ‘അവതാരം’ അരങ്ങേറി. അവതാര കൃഷ്ണനായി നിവേദ് കൃഷ്ണനും ബലരാമനായി ഹരിശങ്കറും വേഷമിട്ടു. കംസനായി കളിയോഗം ആശാൻ എം.വി. ഉണ്ണികൃഷ്ണൻ അരങ്ങിലെത്തി. ബ്രഹ്മാവായി ഗോകുൽ, പൂതനയായി വേണുഗോപാൽ, ദേവകിയായി വി.സി. വിഷ്ണു, ഭൂമിദേവിയായി എം.പി. വിഷ്ണുപ്രസാദ്, വസുദേവരായി എം. പ്രമോദ് എന്നിവരും ഗോപസ്ത്രീകളായി നന്ദകിഷോർ.കെ, കൃഷ്ണപ്രസാദ്.ജെ, ആദിത്യഹരി, ആദർശ് പി. നായർ എന്നിവരും വേഷങ്ങൾ പകർന്നു. 364 പേരാണ് ആദ്യ ദിനത്തിൽ ‘അവതാരം’ വഴിപാടായി ശീട്ടാക്കിയത്.

വ്യാഴാഴ്ച രാത്രി ‘സ്വയംവരം’ കഥയാണ് അവതരിപ്പിച്ചത്. 581 ഭക്തരാണ് ഈ വഴിപാട് ബുക്ക് ചെയ്തത്. ശ്രീരാമൻ/ശ്രീകൃഷ്ണൻ വേഷങ്ങളിൽ ആശാൻ എസ്. മാധവൻകുട്ടി, ബലരാമനായി കെ. പ്രശാന്ത്, സാന്ദീപനിയായി എ. ഗോകുൽ, ധർമ്മരാജാവായി എൻ. കൃഷ്ണകുമാർ, ശിശുപാലനായി ഒ. രതീഷ്, യവനനായി ആശാൻ എ. മുരളീധരൻ, ദന്തവക്ത്രനായി പി. കൃഷ്ണപ്രകാശ്, രുക്മിണിയായി എ. ഗോകുൽ, ജാംബവാനായി എ.പി. സത്യനാഥൻ എന്നിവരും ഗോപസ്ത്രീകളായി കൃഷ്ണപ്രസാദ്.ജെ, ആദർശ് പി. നായർ, കൈലാസ്നാഥ്.ടി.കെ, നിവേദ്കൃഷ്ണ.ഇ.എം എന്നിവരും രംഗത്തുവന്നു.

അഷ്ടമിരോഹിണി ദിനത്തിൽ രാത്രി 10 മണിക്ക് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ പ്രത്യേക കൃഷ്ണനാട്ടം അരങ്ങേറും. അർദ്ധരാത്രി 12 മണിക്ക് കൃഷ്ണാവതാരവും വിശ്വരൂപദർശനവും ഭക്തർക്ക് ദർശിക്കാൻ തക്കവണ്ണമാണ് അഷ്ടമിരോഹിണി ദിനത്തിലെ അവതരണം ക്രമീകരിച്ചിരിക്കുന്നത്.

കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര, കളിയോഗം ആശാനും തൊപ്പി മദ്ദളം ആശാനുമായ രമേശൻ കരുമത്തിൽ, വേഷം ആശാന്മാരായ എസ്. മാധവൻകുട്ടി, എ. മുരളീധരൻ, എം.വി. ഉണ്ണികൃഷ്ണൻ, പി. അരവിന്ദാക്ഷൻ, പാട്ട് വിഭാഗം ആശാന്മാരായ എം.കെ. ദിൽക്കുഷ്, സി.പി. സത്യനാരായണൻ ഇളയത്, ശുദ്ധ മദ്ദളം ആശാൻ പി. രാധാകൃഷ്ണൻ, ചുട്ടി ആശാൻ പി. ആർ. ശിവകുമാർ, ചമയം പി. മുരളീകൃഷ്ണൻ എന്നിവരാണ് അരങ്ങിലും അണിയറയിലും കൃഷ്ണനാട്ടത്തിന് നേതൃത്വം നൽകുന്നത്.
