സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മഴ കനക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് എം.ജി, കാലിക്കറ്റ് സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഒൻപത് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. വരും ദിവസങ്ങളിലും മഴയുടെ ശക്തി കുറയില്ലെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. നാളെ 10 ജില്ലകളിലും ഞായറാഴ്ച 11 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ചയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് നിലവിലെ പ്രവചനം. അന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. ബംഗാൾ ഉൾക്കടലിന് മുകളിൽ നിലവിൽ ഒരു ന്യൂനമർദം സ്ഥിതിചെയ്യുന്നുണ്ട്. ഇതിനുപുറമെ ഇന്ന് വൈകുന്നേരത്തോടെ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് വരും ദിവസങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കുന്നതിനാലാണ് അടുത്ത അഞ്ച് ദിവസം കേരളത്തിൽ അതിശക്തമായ മഴ ലഭിക്കുക.
മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രതാ നിർദേശം പാലിക്കണം. കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികളും നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നദീതീരങ്ങളിൽ താമസിക്കുന്നവരും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.
മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകൾ പൂർണമായും ഒഴിവാക്കണം. മോശം കാലാവസ്ഥയെ തുടർന്ന് കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ഈ മാസം 26 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.
പരീക്ഷകൾ മാറ്റിവച്ചു
കനത്ത മഴയെയും ഇടിമിന്നലിനെയും തുടർന്ന് സംസ്ഥാനത്തെ രണ്ട് പ്രധാന സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. മഹാത്മാഗാന്ധി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇതിനുപുറമെ കാലിക്കറ്റ് സർവകലാശാലയും ഇന്നത്തെ പരീക്ഷകൾ മാറ്റിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ പരീക്ഷാഭവനിലെ ഇൻ്റർനെറ്റ് സംവിധാനം പൂർണമായും നിലച്ചിരുന്നു. ഇതേത്തുടർന്ന് ഇന്ന് രാവിലെ ഏഴിന് പരീക്ഷയുടെ ചോദ്യപേപ്പർ അപ്ലോഡ് ചെയ്യാൻ കഴിയാത്ത സാങ്കേതിക തടസ്സം നേരിട്ടതിനാലാണ് പരീക്ഷകൾ മാറ്റിവയ്ക്കാൻ സർവകലാശാല തീരുമാനിച്ചത്. എന്നാൽ മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. ഇൻ്റേണൽ, പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും പരീക്ഷാ കൺട്രോളർ വ്യക്തമാക്കി.
