മരുന്ന് വിവാദം: വിദേശ കമ്പനികളുടെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് മന്ത്രി കെ. മുരളീധരൻ; അഴിമതി വിജിലൻസ് അന്വേഷിക്കും
തിരുവനന്തപുരം: അപൂർവ രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിതർക്ക് നൽകുന്നതിനായി വിദേശ കമ്പനികളുടെ വിലകൂടിയ മരുന്നുകൾ വാങ്ങില്ലെന്നും ഇന്ത്യൻ കമ്പനിയുടെ ഗുണനിലവാരമുള്ള മരുന്ന് തന്നെ സർക്കാർ തുടർന്നും ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കൃത്യമായ സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കിയ മരുന്നാണ് കുട്ടികൾക്ക് നൽകിയത്. ചില സ്വകാര്യ വാർത്താചാനലുകളാണ് വിഷയം വൻ വിവാദമാക്കി ആശങ്ക പരത്തിയതെന്നും മന്ത്രി ആരോപിച്ചു.
നിലവിലുണ്ടായ വിവാദങ്ങൾക്ക് പിന്നിൽ വിദേശ മരുന്ന് കമ്പനികളുടെ താൽപ്പര്യങ്ങളുണ്ട്. എസ്എംഎ രോഗികളുടെ രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കാനും സംശയങ്ങൾ ഒഴിവാക്കാനുമാണ് ‘ക്ലിനിക്കൽ ട്രയൽ’ എന്നെഴുതിയ മരുന്നുകൾ താൽക്കാലികമായി തിരിച്ചെടുത്തത്. തന്നെ ആരോഗ്യ മന്ത്രിയാക്കിയത് പാർട്ടിയാണെന്നും സ്ഥാനമൊഴിയാൻ ഉദ്ദേശ്യമില്ലെന്നും വ്യക്തമാക്കിയ മന്ത്രി, ആരോഗ്യ വകുപ്പ് തകർത്ത മൂന്ന് മുൻ ആരോഗ്യ മന്ത്രിമാരുടെ വിമർശനങ്ങൾ മുഖവിലക്കെടുക്കുന്നില്ലെന്നും അവർ വനിതകളായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ സർക്കാരുകളുടെ കാലത്ത് കോടികളുടെ അഴിമതി
5.25 ലക്ഷം രൂപ വിലയുള്ള മരുന്ന് നൽകിയിരുന്ന റോഷെ കമ്പനിക്ക് മുൻ കുടിശ്ശികയിനത്തിൽ 50 കോടി രൂപ ഇപ്പോഴും നൽകാനുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി. എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ജനറിക് മരുന്നുകൾ നൽകാനുള്ള തീരുമാനം എടുത്തത്. നിലവിൽ മരുന്ന് വിതരണം ചെയ്യുന്ന നാറ്റ്കോമെന്റ് എന്ന ഇന്ത്യൻ കമ്പനി സിപിഎമ്മിന് തെരഞ്ഞെടുപ്പ് ഫണ്ടായി 2023-24ൽ ഒരു കോടി രൂപയും 2024-25ൽ 50 ലക്ഷം രൂപയും നൽകിയിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷമായി മരുന്ന് വാങ്ങലിൽ കോടികളുടെ അഴിമതിയാണ് നടന്നതെന്നും ഇവയെല്ലാം വിജിലൻസ് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് കണ്ണൂർ ആസ്ഥാനമായ ടോറസ് കമ്പനി മരുന്നുകൾ വിതരണം ചെയ്തതിനെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്നും കമ്പനിയുടെ എംഡി ആരാണെന്ന കാര്യത്തിൽ വ്യക്തത വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
