കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞുകയറി വൻ ദുരന്തം; ഒരു വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് മരണം, അഞ്ച് പേർക്ക് ഗുരുതരം

 കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞുകയറി വൻ ദുരന്തം; ഒരു വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് മരണം, അഞ്ച് പേർക്ക് ഗുരുതരം

കൊട്ടാരക്കര:

കൊല്ലം കൊട്ടാരക്കര മുക്കോളി മുക്കിൽ നാടിനെ നടുക്കിയ വൻ അമിതവേഗത ദുരന്തം. സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി പാഞ്ഞുകയറി മറിഞ്ഞ് ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു.

കുടവട്ടൂർ സ്വദേശി ഹരിലാൽ (54), നീലേശ്വരം മുക്കോണിമുക്ക് സ്വദേശി അജയകുമാർ (45), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് വിദ്യാർത്ഥികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവരെ ഉടനടി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഇവരെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയേക്കും.

ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി ലോറിയിലെ മണ്ണും തകർന്ന മതിലും

ഇന്ന് രാവിലെ സ്കൂൾ സമയത്തായിരുന്നു അപകടം. ഏഴ് കുട്ടികൾ അടക്കം പത്തോളം പേർ അപകടസമയത്ത് ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നു. നിയന്ത്രണം വിട്ട ടിപ്പർ ലോറി ആദ്യം ഒരു ബൈക്കിലിടിക്കുകയും, തുടർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി മറിയുകയുമായിരുന്നു. ലോറി മറിഞ്ഞതിനൊപ്പം അതിലുണ്ടായിരുന്ന വലിയ അളവിലുള്ള മണ്ണ് പൂർണ്ണമായും ബസ് സ്റ്റോപ്പിലേക്ക് വീണതോടെ വിദ്യാർത്ഥികൾ മണലിനടിയിൽ കുടുങ്ങി. ബസ് സ്റ്റോപ്പിനോട് ചേർന്നുണ്ടായിരുന്ന മതിൽ തകർന്നു വീണതും അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. അപകടസമയം ചില കുട്ടികൾ ഓടി മാറിയതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്.

രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് നാട്ടുകാരും ഫയർഫോഴ്സും

വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ടിപ്പർ ലോറി ഉയർത്തി മാറ്റിയ ശേഷമാണ് അടിയിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാൻ കഴിഞ്ഞത്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മണ്ണിനടിയിലും കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ വിശദമായ പരിശോധനയും നടത്തി. അപകടത്തിൽപ്പെട്ട വാഹനം ക്രെയിൻ ഉപയോഗിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അമിതവേഗതയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

സ്കൂൾ സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ മറികടന്ന് രാവിലെ ഏഴ് മണി മുതൽ തന്നെ ടിപ്പർ ലോറികൾ അമിതവേഗതയിൽ പായുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണോ അതോ യന്ത്രത്തകരാറാണോ അപകടത്തിന് കാരണണമെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം അമിതവേഗതയ്ക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News