പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷം: മമതാ ബാനർജിയുടെ വസതിയിൽ സുരക്ഷ ശക്തമാക്കി
BY;TS TVM
കൊൽക്കത്ത:
നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമായതോടെ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വസതിയുടെ സുരക്ഷ കർശനമാക്കി. കൊൽക്കത്തയിലെ കലിഘട്ടിലുള്ള വസതിക്ക് സമീപം ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങൾ ഉയർത്തി ഒരു സംഘം ആളുകൾ എത്തിയതിനെത്തുടർന്നാണ് അടിയന്തരമായി സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ നടപടി. ക്രമസമാധാന നില ഉറപ്പാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ വസതിക്ക് പുറമെ സംസ്ഥാന സെക്രട്ടേറിയറ്റിന് ചുറ്റും സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രത തുടരുകയാണ്.
