കേരളത്തിൽ സർക്കാർ രൂപീകരണം: മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസ് ഹൈക്കമാൻഡ്; ചർച്ചകൾ വേഗത്തിലാക്കി

 കേരളത്തിൽ സർക്കാർ രൂപീകരണം: മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസ് ഹൈക്കമാൻഡ്; ചർച്ചകൾ വേഗത്തിലാക്കി

BY:TS TVM

ന്യൂഡൽഹി:

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കേരളത്തിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കി. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് എഐസിസി നേതൃത്വം ഇന്ന് മുതൽ നിർണ്ണായക കൂടിയാലോചനകൾ ആരംഭിക്കും.

ജനപ്രതിനിധികളുടെയും മുതിർന്ന നേതാക്കളുടെയും അഭിപ്രായങ്ങൾ നേരിട്ടറിയാൻ പ്രത്യേക നിരീക്ഷകരെ ഹൈക്കമാൻഡ് ഉടൻ നിയോഗിക്കും. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. കോൺഗ്രസിന് ഒറ്റയ്ക്ക് 63 സീറ്റുകൾ ലഭിച്ച സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിന് ഘടകകക്ഷികളുടെ സമ്മർദ്ദമില്ലെങ്കിലും, സമവായത്തിലൂടെ ധാരണയിലെത്താനാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നത്.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദങ്ങളുമായി പാർട്ടിയിലെ വിവിധ പക്ഷങ്ങൾ സജീവമായിട്ടുണ്ട്. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണയുണ്ടെന്ന് കെസി പക്ഷം അവകാശപ്പെടുമ്പോൾ, എംഎൽഎമാരുടെ എണ്ണം മാത്രമല്ല, ഘടകകക്ഷികളെ കൂടെനിർത്താനുള്ള കഴിവുകൂടി പരിഗണിക്കണമെന്നാണ് വിഡി സതീശൻ പക്ഷത്തിന്റെ നിലപാട്. പദവി ലഭിച്ചില്ലെങ്കിൽ അദ്ദേഹം കടുത്ത നിലപാടുകളിലേക്ക് നീങ്ങിയേക്കുമെന്ന സൂചനയുമുണ്ട്. ഇതിനുപുറമെ, സീനിയോറിറ്റി പരിഗണിച്ച് തനിക്ക് അവസരം ലഭിക്കണമെന്ന വാദവുമായി ചെന്നിത്തല വിഭാഗവും രംഗത്തുണ്ട്.

നിരീക്ഷകർ സമർപ്പിക്കുന്ന റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം രാഹുൽ ഗാന്ധിയാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. നിലവിൽ ആരുടെയും പേര് പാർട്ടി നേതൃത്വം തള്ളിക്കളയുന്നില്ല. ഉപമുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള ചർച്ചകൾ നിലവിൽ പാർട്ടി വൃത്തങ്ങളിലില്ലെന്നും സൂചനയുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News