എംഎൽഎ സ്ഥാനം രാജിവെക്കാൻ രമേശ് ചെന്നിത്തല? രാഹുൽ ഗാന്ധിയെ രാജി സന്നദ്ധത അറിയിച്ചതായി സൂചന

തിരുവനന്തപുരം:
കേരളത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നിലപാട് കടുപ്പിക്കുന്നതായി റിപ്പോർട്ടുകൾ. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിച്ചതിൽ പ്രതിഷേധിച്ച് ചെന്നിത്തല എംഎൽഎ സ്ഥാനം രാജിവെക്കാൻ ഒരുങ്ങുന്നതായാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം.
കഴിഞ്ഞദിവസം ഹൈക്കമാൻഡ് തീരുമാനം അറിയിക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഫോണിൽ വിളിച്ചപ്പോൾ തന്നെ രമേശ് ചെന്നിത്തല തന്റെ രാജിസന്നദ്ധതയും കടുത്ത വിയോജിപ്പും അറിയിച്ചതായാണ് സൂചന. പാർട്ടിയിൽ തുടർച്ചയായി നേരിടുന്ന അവഗണന ഇനി സഹിക്കാനാകില്ലെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ വ്യക്തമാക്കിയതായും, രാജിക്കത്ത് തയ്യാറാക്കാൻ തന്റെ ഓഫീസിന് നിർദ്ദേശം നൽകിയതായും വിവരമുണ്ട്. ദശകങ്ങളായുള്ള തന്റെ പാർട്ടി അനുഭവസമ്പത്തും സീനിയോറിറ്റിയും പൂർണ്ണമായി അവഗണിക്കപ്പെട്ടതിലാണ് അദ്ദേഹത്തിന് അതൃപ്തി.
ഗുരുവായൂർ സന്ദർശനത്തിന് ശേഷം ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തുന്ന രമേശ് ചെന്നിത്തല തന്നോട് ആഭിമുഖ്യമുള്ള പ്രമുഖ നേതാക്കളുമായി അടിയന്തര കൂടിക്കാഴ്ച നടത്തും. പിന്തുണയ്ക്കുന്ന നേതാക്കളെ അദ്ദേഹം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.
ചെന്നിത്തല രാജി തീരുമാനവുമായി മുന്നോട്ട് പോയാൽ ഹൈക്കമാൻഡ് അടിയന്തരമായി ഇടപെട്ട് അനുനയ ശ്രമങ്ങൾ നടത്തിയേക്കും. ചെന്നിത്തലയെ പുതിയ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് ഉൾപ്പെടെയുള്ള നിർണ്ണായക പദവികൾ നൽകി ഒപ്പം നിർത്താനാണ് സാധ്യത. അതോടൊപ്പം, തന്നെ അനുകൂലിക്കുന്ന നേതാക്കളായ ജ്യോതികുമാർ ചാമക്കാല, അൻവർ സാദത്ത്, പി.ജെ. വിനോദ് എന്നിവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്ന ആവശ്യവും ചെന്നിത്തല മുന്നോട്ട് വെയ്ക്കാൻ സാധ്യതയുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
