സ്‌കൂളുകളിൽ പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കും; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്
പത്തനംതിട്ട:
ജില്ലയിലെ സ്‌കൂളുകളിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. പത്തനംതിട്ട കോഴഞ്ചേരിയിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കലക്‌ടറേറ്റ് ഹാളിൽ ചേർന്ന പ്രത്യേക അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. കുട്ടിയുടെ സഹോദരങ്ങൾക്കോ മറ്റ് കുടുംബാംഗങ്ങൾക്കോ നിലവിൽ രോഗലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
ജൂലൈ 7-ന് സ്‌കൂളുകളിൽ പകർച്ചവ്യാധി ബോധവത്കരണ ദിനം
രോഗാണുക്കൾ കുട്ടികളിലൂടെ വേഗത്തിൽ പടരാൻ സാധ്യതയുള്ളതിനാൽ കുട്ടികളിൽ കൃത്യമായ അവബോധം സൃഷ്‌ടിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വരും ചൊവ്വാഴ്‌ച (ജൂലൈ 7) ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും പകർച്ചവ്യാധി ബോധവത്കരണ ദിനമായി ആചരിക്കും. കൂടാതെ, ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച എഴിക്കാട് ഉന്നതിയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ വകുപ്പിന് കർശന നിർദേശം; പരിശോധന ശക്തമാക്കും
പഴകിയ പൊറോട്ട കഴിച്ചതിൽ നിന്നാണ് കുട്ടിക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ ഹോട്ടലുകളിൽ കർശന പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് മന്ത്രി നിർദേശം നൽകി. ഹോട്ടലുകളിലും തട്ടുകടകളിലും പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം.
പകർച്ചവ്യാധി പടരാൻ സാധ്യത കൂടുതലായുള്ള കോന്നിയിലെ തേക്കുതോട്, തണ്ണിത്തോട് തുടങ്ങിയ പ്രദേശങ്ങളിലും വനാതിർത്തി മേഖലകളിലും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. ശുദ്ധജല സ്രോതസ്സുകളും കിണറുകളും സൂപ്പർ ക്ലോറിനേഷൻ നടത്താനും യോഗത്തിൽ തീരുമാനമായി. ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ പൂർണ്ണതോതിൽ വിജയകരമാകുന്നത് വരെ എല്ലാ ആഴ്‌ചയിലും അവലോകന യോഗങ്ങൾ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

