കോഴിക്കോട് ഷിഗെല്ല ബാധ: ഏഴ് വയസ്സുകാരൻ കൂടി മരണപ്പെട്ടു; രോഗവ്യാപനത്തിൽ ആശങ്ക ശക്തം

 കോഴിക്കോട് ഷിഗെല്ല ബാധ: ഏഴ് വയസ്സുകാരൻ കൂടി മരണപ്പെട്ടു; രോഗവ്യാപനത്തിൽ ആശങ്ക ശക്തം

കോഴിക്കോട്:

സംസ്ഥാനത്ത് ഷിഗെല്ല ബാധയെത്തുടർന്ന് വീണ്ടും ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരനാണ് മരണപ്പെട്ടത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു.

പനിയും കടുത്ത വയറിളക്കവും ബാധിച്ചതിനെ തുടർന്ന് ഈ മാസം 12-നാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ രോഗബാധ മൂർച്ഛിച്ചതോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഷിഗെല്ല ബാധ റിപ്പോർട്ട് ചെയ്യുന്നത് പൊതുജനാരോഗ്യ രംഗത്ത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

നേരത്തെ കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ബബീഷിന്റെ മകളും എൽ.കെ.ജി വിദ്യാർത്ഥിനിയുമായ നാലര വയസുകാരി നിളയും ഷിഗെല്ല ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടിരുന്നു. ഇതിന് പുറമെ മലപ്പുറത്ത് സമാനമായ രീതിയിൽ വയറിളക്കം ബാധിച്ച് മരിച്ച ഒരു സ്ത്രീക്കും പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ മൂന്ന് വയസ്സുകാരനും, തുറയൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പെട്ട ഒൻപത് വയസ്സുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ പയ്യോളി സ്വദേശിയായ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗബാധ ആവർത്തിച്ചു റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളും ശുചിത്വ പരിപാടികളും ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News