വാർധക്യത്തിലെ അമിത നിദ്ര ആരോഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് പഠനം; മരണസാധ്യത വർധിക്കുമെന്ന് മുന്നറിയിപ്പ്

 വാർധക്യത്തിലെ അമിത നിദ്ര ആരോഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് പഠനം; മരണസാധ്യത വർധിക്കുമെന്ന് മുന്നറിയിപ്പ്

BY:TNN SIENCE DESK

വാഷിംഗ്ടൺ:

വാർധക്യകാലത്ത് പകൽസമയത്ത് പതിവായി ദീർഘനേരം ഉറങ്ങുന്നത് ആരോഗ്യനില വഷളാകുന്നതിന്റെ ലക്ഷണമാകുമെന്ന് പുതിയ പഠനം. പ്രായമാകുമ്പോൾ പകൽ ഉറക്കത്തിന്റെ ദൈർഘ്യം കൂടുന്നതും ഇടയ്ക്കിടെ ഉറങ്ങുന്നതും മരണസാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് മാസച്യുസെറ്റ്സ് ജനറൽ ബ്രിഗാം, റഷ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു.

‘ജാമ നെറ്റ്‌വർക്ക് ഓപ്പൺ’ (JAMA Network Open) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, പകൽ ഉറക്കത്തിൽ വർദ്ധനവുണ്ടാകുന്നത് ശരീരത്തിന്റെ സ്വാഭാവിക താളം തെറ്റുന്നതിന്റെയോ വിട്ടുമാറാത്ത രോഗങ്ങളുടെ തുടക്കത്തിന്റെയോ സൂചനയാകാം. പകൽ ഉറക്കത്തിൽ ഉണ്ടാകുന്ന ഓരോ അധിക മണിക്കൂറും മരണസാധ്യത 13 ശതമാനം വർദ്ധിപ്പിക്കുന്നുവെന്ന് 1,338 പേരിൽ 19 വർഷത്തോളം നടത്തിയ പഠനം പറയുന്നു. ഉച്ചയ്ക്ക് ശേഷമുള്ള ഉറക്കത്തേക്കാൾ രാവിലെ ഉറങ്ങുന്നവരിലാണ് (30 ശതമാനം) മരണസാധ്യത കൂടുതൽ കണ്ടെത്തിയിട്ടുള്ളത്.

മുതിർന്ന പൗരന്മാരുടെ ആരോഗ്യ പരിശോധനയിൽ രാത്രിയിലെ ഉറക്കം പോലെ തന്നെ പകൽ ഉറക്കത്തിന്റെ രീതികളും ഗൗരവമായി കണക്കിലെടുക്കണമെന്ന് ഗവേഷകർ നിർദ്ദേശിക്കുന്നു. അകാരണമായി പകൽ ഉറക്കം കൂടുന്നത് ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുന്നത് വഴി അസുഖങ്ങൾ നേരത്തെ കണ്ടെത്താൻ സഹായിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News