മതം മാറിയാൽ സംവരണ ആനുകൂല്യത്തിന് അർഹതയില്ല: സുപ്രീംകോടതി

ന്യൂഡൽഹി: ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത വ്യക്തിക്ക് പിന്നാക്ക വിഭാഗക്കാർക്കുള്ള (BC/OBC) സംവരണ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാവില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ഇത്തരത്തിൽ മതംമാറിയ വ്യക്തിക്ക് സംവരണം അനുവദിച്ച് തമിഴ്നാട് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാരും സ്വകാര്യ വ്യക്തിയും നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്.
ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഹിന്ദുമതത്തിൽ നിന്ന് അഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിലൂടെ ഒരാളുടെ മുൻകാല സാമൂഹികമോ സാമ്പത്തികമോ ആയ പിന്നാക്കാവസ്ഥ പുതിയ മതത്തിലേക്ക് സ്വമേധയാ കൈമാറ്റം ചെയ്യപ്പെടില്ലെന്ന് കോടതി വ്യക്തമാക്കി. മുൻകാല സാമൂഹിക പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടി ഭരണഘടനയുടെ ആർട്ടിക്കിൾ 16(4) പ്രകാരമുള്ള സംവരണാനുകൂല്യങ്ങൾ അവകാശപ്പെടാനാകില്ലെന്ന് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര ചൂണ്ടിക്കാട്ടി. കൃത്യമായ നിയമപരമായ അടിസ്ഥാനമില്ലാതെ മതംമാറ്റത്തിന്റെ പേരിൽ മാത്രം സംവരണം നൽകുന്നത് സമൂഹത്തിൽ ഭിന്നതയ്ക്ക് കാരണമാകുമെന്നും ബെഞ്ച് നിരീക്ഷിച്ചു.
2015-ൽ ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം സ്വീകരിക്കുകയും 2016-ൽ സമീർ അഹമ്മദ് എന്ന് പേര് മാറ്റുകയും ചെയ്ത വ്യക്തിക്ക് സംവരണ ആനുകൂല്യം നൽകിയ തമിഴ്നാട് സർക്കാരിന്റെ തീരുമാനമാണ് കേസിലേക്ക് നയിച്ചത്. ഇയാൾക്ക് ബി.സി. സർട്ടിഫിക്കറ്റ് നൽകാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന വാദം തള്ളിക്കൊണ്ടാണ്, പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ മാറ്റങ്ങൾ വരുത്താൻ കൃത്യമായ നിയമപരമായ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.
