“വല്ല ഗ്യാരണ്ടിയും ഉണ്ടോ?” യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്; ‘ഇന്ദിരാ ഗ്യാരന്റികളിൽ’ ഉറ്റുനോക്കി കേരളം
BY:TS TVM
തിരുവനന്തപുരം സംസ്ഥാനത്ത് പുതുതായി അധികാരമേറ്റ വി.ഡി. സതീശൻ സർക്കാരിന്റെ കന്നി നയപ്രഖ്യാപന പ്രസംഗം ഇന്ന് നിയമസഭയിൽ നടക്കും. രാവിലെ ഒമ്പതിന് ഗവർണർ സഭയെ അഭിസംബോധന ചെയ്യുന്നതോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള സർക്കാരിന്റെ സുപ്രധാന നയരേഖയാകും ഇന്നത്തെ ഗവർണറുടെ പ്രസംഗം. രാവിലെ 8.55-ഓടെ സഭയിലെത്തുന്ന ഗവർണറെ മുഖ്യമന്ത്രി വി.ഡി. സതീശനും പാർലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതും ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തുന്നതുമടക്കമുള്ള ‘ഇന്ദിരാ ഗ്യാരന്റികൾ’ക്ക് ഈ നയപ്രഖ്യാപന പ്രസംഗത്തിൽ വലിയ ഊന്നൽ ലഭിക്കുമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. വരും ദിവസങ്ങളിൽ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചകളാകും നിയമസഭയിൽ നടക്കുക.
പ്രധാന പ്രഖ്യാപനങ്ങളും പ്രതീക്ഷകളും
യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ കേരളം ഉറ്റുനോക്കുന്ന പ്രധാന വിഷയങ്ങൾ താഴെ പറയുന്നവയാണ്:
- സ്ത്രീകൾക്ക് സൗജന്യ യാത്ര: ജൂൺ 15 മുതൽ സംസ്ഥാനത്തെ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ നടപ്പാക്കൽ സംബന്ധിച്ച കൃത്യമായ രൂപരേഖ ഇന്ന് വ്യക്തമാകും.
- വയോജന ക്ഷേമം: പുതുതായി രൂപീകരിച്ച വയോജന വകുപ്പിന്റെ ഭാവി പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും നയപ്രഖ്യാപനത്തിൽ ഇടംപിടിക്കും.
- സിൽവർ ലൈന് പകരക്കാരൻ?: മുൻ ഇടതുപക്ഷ സർക്കാർ വിഭാവനം ചെയ്യുകയും പിന്നീട് റദ്ദാക്കുകയും ചെയ്ത സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പദ്ധതിക്ക് പകരം പുതിയൊരു യാത്രാസംവിധാനം ഈ സർക്കാർ മുന്നോട്ടുവെക്കുമോ എന്നാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്.
വികസനവും സാമ്പത്തിക ഭദ്രതയും
ദേശീയപാത വികസനം വേഗത്തിൽ പൂർത്തിയാക്കൽ, വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ തുടർപ്രവർത്തനങ്ങൾ ഉറപ്പാക്കൽ, കടുത്ത പ്രതിസന്ധിയിലായ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത വീണ്ടെടുക്കൽ എന്നിവയായിരിക്കും നയപ്രഖ്യാപന പ്രസംഗത്തിന്റെ കാതലായ ഭാഗങ്ങൾ.
ഇതിനുപുറമേ, കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളും കേന്ദ്ര സർക്കാരിനെതിരെയുള്ള രാഷ്ട്രീയ-സാമ്പത്തിക വിമർശനങ്ങളും നയപ്രഖ്യാപനത്തിൽ ഏതു രീതിയിൽ ഉൾക്കൊള്ളിക്കുമെന്നതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവ ചർച്ചയായിട്ടുണ്ട്.
