അമേരിക്കൻ ആക്രമണത്തിൽ ഇറാനിൽ 50 മരണം, 500 ലധികം പേർക്ക് പരിക്ക്; വൻ നാശനഷ്ടങ്ങളുമായി യുദ്ധം കടുക്കുന്നു

 അമേരിക്കൻ ആക്രമണത്തിൽ ഇറാനിൽ 50 മരണം, 500 ലധികം പേർക്ക് പരിക്ക്; വൻ നാശനഷ്ടങ്ങളുമായി യുദ്ധം കടുക്കുന്നു

ന്യൂഡൽഹി: ഇറാനിലെ വിവിധ പ്രവിശ്യകൾ ലക്ഷ്യമാക്കി അമേരിക്ക നടത്തുന്ന ശക്തമായ വ്യോമാക്രമണങ്ങളിൽ വൻ ജനനാശനഷ്ടവും അടിസ്ഥാന സൗകര്യ തകർച്ചയും റിപ്പോർട്ട് ചെയ്തു. ജൂൺ 27 മുതൽ ആരംഭിച്ച യുഎസ് ആക്രമണങ്ങളിൽ ഇതുവരെ 50 പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഇതോടെ അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ കടുത്ത ബോംബാക്രമണമാണ് നടത്തുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ തെക്കുപടിഞ്ഞാറൻ ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിലെ മാത്രം 12 കൗണ്ടികളിലായി തൊണ്ണൂറ്റഞ്ചോളം കേന്ദ്രങ്ങളിലാണ് അമേരിക്കൻ സൈന്യം ആക്രമണം അഴിച്ചുവിട്ടതെന്ന് ഖുസെസ്താൻ ഡെപ്യൂട്ടി ഗവർണർ വലിയുള്ള ഹയാതി വ്യക്തമാക്കി. ശത്രുവിന്റെ അതിരുകടന്ന ക്രിമിനൽ സ്വഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ഖുസെസ്താനിൽ മാത്രം എട്ട് സാധാരണ പൗരന്മാർ കൊല്ലപ്പെട്ടതായും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു.

ആക്രമണങ്ങളെത്തുടർന്ന് രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വാർത്താവിനിമയ ബന്ധങ്ങളും കുടിവെള്ള വിതരണവും പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഹോർമോസ്ഗാൻ പ്രവിശ്യയിലെ ബന്ദർ അബ്ബാസ്, ഹാജിയാബാദ് തുടങ്ങിയ വടക്കൻ മേഖലകളിൽ അമേരിക്ക നടത്തിയ ശക്തമായ ആക്രമണങ്ങളിൽ 116 ഓളം ടെലികമ്മ്യൂണിക്കേഷൻ ടവറുകൾ തകർന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മൊബൈൽ, ഇന്റർനെറ്റ്, ഫിക്സഡ്-ലൈൻ സേവനങ്ങൾ ഇവിടെ പൂർണ്ണമായും നിശ്ചലമാണ്. കൂടാതെ, കുടിവെള്ള കമ്പനികൾക്ക് നേരെ നടന്ന ആക്രമണത്തെത്തുടർന്ന് 20 ഓളം ഗ്രാമങ്ങളിലെ പതിനായിരത്തോളം ആളുകൾ നിലവിൽ കുടിവെള്ളമില്ലാതെ കടുത്ത പ്രതിസന്ധി നേരിടുകയാണ്.

അതേസമയം, മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും യുദ്ധത്തിന്റെ അലയൊലികൾ വ്യാപിക്കുകയാണ്. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ബഹ്‌റൈനിൽ ആറ് തവണയാണ് വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ പൂർണ്ണമായും ശാന്തത പാലിക്കണമെന്നും സുരക്ഷിതമായ അടുത്തുള്ള കേന്ദ്രങ്ങളിലേക്ക് എത്രയും വേഗം മാറണമെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News