വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദ്ദം രൂപപ്പെടും
കാസർകോട്:
സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നതിനിടെ പ്രകൃതിക്ഷോഭ സാധ്യത വർധിപ്പിച്ചുകൊണ്ട് ബംഗാൾ ഉൾക്കടലിൽ നാളെ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തമിഴ്‌നാട് തീരത്തോട് ചേർന്നാണ് ഇതിന്റെ ഉത്ഭവം. ഇതിന്റെ സ്വാധീനത്താൽ വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നാണ് പ്രവചനം.
മന്നാർ ഉൾക്കടലിനും ശ്രീലങ്കയ്ക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മെയ് 11-ഓടെ ന്യൂനമർദ്ദമായി മാറുന്നത്. കൂടാതെ, അറബിക്കടലിനും കേരള തീരത്തിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സജീവമാണ്. ഇവയുടെ സംയുക്ത സ്വാധീനത്താൽ മെയ് 13 വരെ കേരളത്തിൽ പരക്കെ മഴ തുടരും.
മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ കാറ്റിന്റെ വേഗത ചിലപ്പോൾ 60 കിലോമീറ്റർ വരെ ഉയർന്നേക്കാം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ കാലാവസ്ഥ മോശമായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
