മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: രണ്ടാം ദിനം പരിശോധന തുടരുന്നു; മരണം 13 ആയി

 മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: രണ്ടാം ദിനം പരിശോധന തുടരുന്നു; മരണം 13 ആയി

BY: TN NEWS DESK

തൃശൂർ:

മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ അതിശക്തമായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. അപകടം നടന്ന സ്ഥലത്ത് ഇന്ന് രാവിലെ മുതൽ വിശദമായ തിരച്ചിലും ശാസ്ത്രീയ പരിശോധനകളും പുനഃരാരംഭിച്ചു.

ഇന്നലെ വൈകിട്ട് മൂന്നരയോടെയുണ്ടായ സ്‌ഫോടനത്തിൽ 150 മീറ്റർ ചുറ്റളവിൽ മൃതദേഹ ഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. രാത്രിയിൽ വെളിച്ചക്കുറവ് മൂലം തടസ്സപ്പെട്ട തിരച്ചിൽ ഇന്ന് പുലർച്ചെ മുതൽ ഊർജ്ജിതമാക്കി. കാണാതായവർക്കായി സമീപത്തെ കുളത്തിലും അഗ്നിശമനസേനയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. 13 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്, ഇതിൽ ആറുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തുകയാണ്. കൂടുതൽ വ്യക്തതയ്ക്കായി കഡാവർ നായകളെയും പരിശോധനയ്ക്ക് എത്തിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടപ്പോൾ, പരിക്കേറ്റവർക്കും കുടുംബങ്ങൾക്കും സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി, കേന്ദ്ര ഏജൻസിയായ പെസോ (PESO) അധികൃതർ ഉടൻ സ്ഥലത്തെത്തുമെന്ന് വ്യക്തമാക്കി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News