തൃശ്ശൂർ പൂരം: ആർഭാടങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്താൻ ആലോചന
BY: sumesh krishnan
തൃശ്ശൂർ:
വെടിക്കെട്ട് അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചനകൾ സജീവമാകുന്നു. പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 ജീവനുകൾ നഷ്ടപ്പെട്ട ദാരുണമായ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. വെടിക്കെട്ട് തുടരുന്നത് സുരക്ഷാ ഭീഷണി ഉയർത്തുമെന്ന വിലയിരുത്തലിലാണ് സംഘാടകർ. അതേസമയം, പൂരത്തിന്റെ ആചാരപരമായ ചടങ്ങുകൾ മുടക്കം കൂടാതെ നടത്താനാണ് നിലവിലെ തീരുമാനം.
വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സർക്കാരാണെന്ന നിലപാടിലാണ് തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ. വെടിക്കെട്ടിന് അനുമതി നൽകുന്ന കാര്യത്തിലും പൂരത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നതിലും സർക്കാർ നിർദ്ദേശം ലഭിച്ച ശേഷം മാത്രമേ മുന്നോട്ട് പോകുകയുള്ളൂ എന്ന് ദേവസ്വം ഭാരവാഹികൾ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.
