ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് വഞ്ചിപ്പൂർ പൊലീസിന്റെ പിടിയിൽ
BY:SUMESHKRISHNAN
തിരുവനന്തപുരം:
വിവാഹ സമ്മാനമായി ലഭിച്ച സ്വർണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ വഞ്ചിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചിപ്പൂർ പാൽക്കുളങ്ങര സ്വദേശി ശംഭു ദേവ് (30) ആണ് പിടിയിലായത്.
കഴിഞ്ഞ പത്ത് വർഷമായി യുവതിയുടെ കൈവശമുണ്ടായിരുന്ന സ്വർണം വിവിധ ഘട്ടങ്ങളിലായി ഇയാൾ കൈക്കലാക്കിയിരുന്നു. ഇത് തിരികെ ചോദിച്ചതും കൂടുതൽ സ്വർണം ആവശ്യപ്പെട്ടപ്പോൾ നൽകാൻ വിസമ്മതിച്ചതുമാണ് അക്രമത്തിന് പ്രേരിപ്പിച്ചത്. യുവതിയെ അസഭ്യം പറയുകയും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തു. മർദ്ദനമേറ്റ യുവതി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
അറസ്റ്റിലായ ശംഭു ദേവ് സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് അറിയിച്ചു. വഞ്ചിപ്പൂർ, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ വധശ്രമം, ലഹരിമരുന്ന് കേസുകൾ ഉൾപ്പെടെ ഒൻപതോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
