തൃശൂർ പൂരം 2026: വികാരനിർഭരമായ ഉപചാരം ചൊല്ലിപ്പിരിയലോടെ സമാപനം
തൃശൂർ:
നാദവിസ്മയങ്ങൾക്കും വർണ്ണക്കാഴ്ചകൾക്കും വിരാമമിട്ടുകൊണ്ട് ഈ വർഷത്തെ തൃശൂർ പൂരത്തിന് ഇന്ന് ഔദ്യോഗിക സമാപനം. തൃശൂരിന്റെ മണ്ണിൽ ആവേശം വിതറിയ പൂരത്തിന് പര്യവസാനം കുറിച്ച് പകൽ 12:30-ഓടെ പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാർ ശ്രീമൂലസ്ഥാനത്ത് വെച്ച് ഉപചാരം ചൊല്ലിപ്പിരിയും.
പടിഞ്ഞാറേനടയിൽ വടക്കുന്നാഥനെ സാക്ഷിയാക്കി നടക്കുന്ന ഈ വികാരനിർഭരമായ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ പതിനായിരങ്ങളാണ് നഗരത്തിൽ തടിച്ചുകൂടിയിരിക്കുന്നത്. രാവിലെ എട്ട് മണിയോടെ 15 ആനകളുടെ അകമ്പടിയോടെയും പാണ്ടിമേളത്തിൻ്റെ താളലയങ്ങളോടെയും ഇരുവിഭാഗവും എഴുന്നള്ളിപ്പ് ആരംഭിച്ചു. പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് എറണാകുളം ശിവകുമാറാണ്. കിഴക്കൂട്ട് അനിയൻ മാരാർ മേളത്തിന് നേതൃത്വം നൽകുന്നു. തിരുവമ്പാടി വിഭാഗത്തിനായി ചന്ദ്രശേഖരൻ തിടമ്പേറ്റുമ്പോൾ ചെറുശ്ശേരി കുട്ടന്മാരാർ മേളപ്രമാണിയാകുന്നു.
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദാരുണമായ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ പുലർച്ചെയുള്ള വെടിക്കെട്ടും പകൽ വെടിക്കെട്ടും ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും പൂരപ്രേമികളുടെ ആവേശത്തിന് ഒട്ടും കുറവില്ല. അടുത്ത വർഷം വീണ്ടും കാണാമെന്ന വാഗ്ദാനത്തോടെ ഭഗവതിമാർ വിടപറയുന്നതോടെ തൃശൂർ നഗരം ഇനി അടുത്ത പൂരത്തിനായുള്ള കാത്തിരിപ്പിലേക്ക് നീങ്ങും. സുഗമമായ നടത്തിപ്പിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.
