കേരള കോൺഗ്രസ് ലയനത്തിന് വഴിയൊരുക്കി പി.ജെ. ജോസഫ്: ജോസ് കെ. മാണിക്ക് മടങ്ങിവരാമെന്ന് ആഹ്വാനം
BY:TS Tvm
കോട്ടയം:
കേരള കോൺഗ്രസിനെ സ്നേഹിക്കുന്ന എല്ലാവരും തിരികെ വരണമെന്നും, ഇനി സംസ്ഥാനത്ത് ഒരൊറ്റ കേരള കോൺഗ്രസ് മാത്രം മതിയെന്നും പി.ജെ. ജോസഫ്. തെറ്റുകൾ ഏറ്റുപറഞ്ഞ് ജോസ് കെ. മാണി ഉൾപ്പെടെയുള്ളവർക്ക് പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലത്തിന് പിന്നാലെയാണ് പി.ജെ. ജോസഫിന്റെ നിർണായക പ്രസ്താവന. മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിലും വിജയം നേടി ജോസഫ് വിഭാഗം തങ്ങളുടെ കരുത്ത് തെളിയിച്ചു. അതേസമയം, മത്സരിച്ച പന്ത്രണ്ട് സീറ്റുകളിലും പരാജയപ്പെട്ടത് ജോസ് കെ. മാണി വിഭാഗത്തിന് കനത്ത തിരിച്ചടിയായി. 1965-ന് ശേഷം ആദ്യമായാണ് കേരള കോൺഗ്രസ് (മാണി) വിഭാഗത്തിന് നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാതെ പോകുന്നത്. അഞ്ച് സിറ്റിംഗ് എം.എൽ.എമാർ അടക്കമുള്ളവരുടെ പരാജയം ജോസ് കെ. മാണിയുടെ നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും, ചോദിച്ചാൽ അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യുമെന്നും പി.ജെ. ജോസഫ് കൂട്ടിച്ചേർത്തു.
