സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മലങ്കരസഭാ പ്രതിനിധികൾ പങ്കെടുത്തു; പുതിയ സർക്കാരിൽ വലിയ പ്രതീക്ഷയെന്ന് ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ്
BY:TS TVM
കോട്ടയം / തിരുവനന്തപുരം:
പുതുതായി അധികാരമേറ്റ സംസ്ഥാന സർക്കാരിൽ ജനങ്ങൾക്ക് കൊടുമുടിയേക്കാൾ ഉയരത്തിലുള്ള പ്രതീക്ഷയും പ്രത്യാശയുമാണുള്ളതെന്ന് മലങ്കരസഭയുടെ മാധ്യമവിഭാഗം തലവൻ ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ പ്രസ്താവിച്ചു. ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് നീതിയും സത്യവും ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കാൻ പുതിയ സർക്കാരിന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിസഭയിൽ മലങ്കരസഭാംഗങ്ങൾ ഇല്ല എന്നതിൽ സഭയ്ക്ക് പരിഭവമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ മതങ്ങളും സഭകളും സമുദായങ്ങളുമുള്ള നമ്മുടെ നാട്ടിൽ എല്ലാവരിൽ നിന്നും മന്ത്രിമാരുണ്ടാകണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയാൽ 140 പേരെയും മന്ത്രിമാരാക്കേണ്ടി വരുമെന്ന് അദ്ദേഹം പ്രതികരിച്ചു.
ചാണ്ടി ഉമ്മനെയും തിരുവഞ്ചൂരിനെയും കുറിച്ച് മെത്രാപ്പോലീത്താ ചാണ്ടി ഉമ്മനെ സഭാംഗമായി മാത്രം കാണേണ്ടതില്ലെന്നും വ്യത്യസ്തമായ ശൈലിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി വൻഭൂരിപക്ഷം നേടിയെടുത്ത യുവനേതാവാണ് അദ്ദേഹമെന്നും മെത്രാപ്പോലീത്താ പറഞ്ഞു. ചാണ്ടി ഉമ്മൻ മന്ത്രിയാകുമെന്ന് വോട്ട് ചെയ്ത ജനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ജനഹിതം മനസ്സിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. അദ്ദേഹത്തെ മന്ത്രിയാക്കാത്തതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നും പൊതുജനങ്ങൾ ഇക്കാര്യം ചോദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേതൃസ്ഥാനത്തേക്ക് വരുന്നവരുടെ യോഗ്യതകൾ പരിഗണിക്കാൻ നേതൃത്വം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ മുൻപ് ഇടതിന്റെ കൈയ്യിലിരുന്ന മണ്ഡലങ്ങൾ ജനം യു.ഡി.എഫിന് തിരികെ നൽകിയിട്ടും, മന്ത്രിസഭയിൽ ഒരു മന്ത്രിസ്ഥാനവും സ്പീക്കർ സ്ഥാനവും മാത്രമാണ് ലഭിച്ചതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണനെപ്പോലെ സീനിയറായ രാഷ്ട്രീയനേതാവ് മന്ത്രി പദവി അർഹിച്ചിരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
സഭാതർക്കത്തിൽ വിധി നടപ്പാക്കണം സഭാതർക്കത്തിൽ നീതിപീഠത്തിൽ നിന്ന് വന്നിരിക്കുന്ന വിധികൾ പാലിക്കപ്പെടണമെന്ന് ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് ആവശ്യപ്പെട്ടു. വിധി നടപ്പാക്കാൻ ഭരണകൂടങ്ങൾ ശ്രമിക്കാത്തതിനാലാണ് പ്രശ്നങ്ങൾ തുടരുന്നത്. ഇരുവിഭാഗത്തിനും ദോഷം വരാത്ത രീതിയിൽ വിധിയുടെ അന്തസത്ത ഉൾക്കൊണ്ട് ഇരുകൂട്ടരെയും സമന്വയിപ്പിച്ച് കൊണ്ടുപോകുവാൻ പുതിയ സർക്കാരിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തവർ തിരുവനന്തപുരത്ത് നടന്ന യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെ പ്രതിനിധീകരിച്ച് പ്രമുഖർ പങ്കെടുത്തു. ഗീവർഗീസ് മാർ കൂറിലോസ്, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ. ഗീവർഗീസ് മാർ യൂലിയോസ് എന്നീ മെത്രാപ്പോലീത്താമാരും സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവരാണ് ചടങ്ങിൽ സംബന്ധിച്ചത്.
