തുണിയൊക്കെ പിച്ചിക്കീറി, കുട്ടികളെയും ബൂട്ടിട്ട് ചവിട്ടി’; യുഡിഎഫ് അധികാരമേറ്റെടുത്ത് 48 മണിക്കൂറിൽ പൊലീസ് അതിക്രമം; ഒടുവിൽ പിന്മാറ്റം
കൊച്ചി:
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി വെറും 48 മണിക്കൂറിനുള്ളിൽ കൊച്ചിയിൽ ക്രൂരമായ പൊലീസ് അതിക്രമം. എറണാകുളം മലയിടംതുരുത്ത് പാര്യത്ത് കാവ് നഗറിൽ കുടിയൊഴിപ്പിക്കൽ നടപടിയുടെ പേരിൽ സ്ത്രീകളെയും കുട്ടികളെയും മാരകമായ അസുഖബാധിതരെയുമടക്കം പൊലീസ് തല്ലിച്ചതച്ചു. എന്നാൽ, സിപിഐ എം നേതൃത്വത്തിൽ പ്രദേശവാസികൾ ഒന്നിച്ച് നടത്തിയ ശക്തമായ പ്രതിരോധത്തെ തുടർന്ന് ഒടുവിൽ പൊലീസിന് നടപടികൾ നിർത്തിവെച്ച് പിന്മാറേണ്ടിവന്നു.
“പുരുഷപൊലീസുകാർ സ്ത്രീകളെയും കുട്ടികളെയുമടക്കം ബൂട്ടിട്ട് ചവിട്ടി. സ്ത്രീകളെ റോഡിലൂടെ വലിച്ചിഴക്കുകയും വസ്ത്രങ്ങൾ പിച്ചിക്കീറുകയും ചെയ്തു. ഹൃദ്രോഗികളായ പ്രായമായവരെപ്പോലും പൊലീസ് ക്രൂരമായാണ് വീടുകളിൽനിന്നും ഇറക്കി വലിച്ചിഴച്ചത്.” — പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
പ്രതിഷേധം ശക്തമായിട്ടും പിന്മാറാൻ തയ്യാറാകാതിരുന്ന പൊലീസ്, ജനക്കൂട്ടത്തിന് നേരെ ക്രൂരമായി ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
മൂന്ന് തലമുറകളുടെ പോരാട്ടം
പട്ടികജാതി വിഭാഗത്തിൽപെട്ട എട്ട് കുടുംബങ്ങൾ മൂന്ന് തലമുറകളായി താമസിച്ച് പോരുന്ന പ്രദേശത്തുനിന്നാണ് ഇപ്പോൾ ഒഴിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി ചുമതലപ്പെടുത്തിയ അഡ്വക്കേറ്റ് കമീഷന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ബുധനാഴ്ച രാവിലെ കുടിയൊഴിപ്പിക്കൽ നടപടികൾക്കായി പ്രദേശത്ത് എത്തിയത്. ഇതോടെ സ്വന്തം മണ്ണിൽ നിന്ന് ഇറങ്ങില്ലെന്ന പ്രഖ്യാപനവുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. അഡ്വക്കേറ്റ് കമീഷൻ ഓരോ വീടുകളിലും കയറി പരിശോധന നടത്തുകയും ഒഴിപ്പിക്കൽ ആരംഭിക്കുകയും ചെയ്തതോടെ പൊലീസിന്റെ ബലപ്രോയഗത്തെ സമരക്കാർ ജീവൻ പണയംവെച്ചും ചെറുത്തു.
അപ്രതീക്ഷിതമായ പൊലീസ് നരനായാട്ട്
കഴിഞ്ഞ 14 തവണയും ഇത്തരത്തിൽ അഡ്വക്കേറ്റ് കമീഷനും പൊലീസും വന്ന് മറ്റ് സംഘർഷങ്ങളൊന്നുമില്ലാതെ തിരികെപോകും എന്നാണ് പ്രദേശവാസികൾ കരുതിയിരുന്നത്. എന്നാൽ ഇത്തവണ പുതിയ സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ പൊലീസ് നിലപാട് മാറ്റുകയായിരുന്നു. ഉച്ചയോടെ വളരെ പെട്ടെന്നായിരുന്നു പൊലീസ് നരനായാട്ട് ആരംഭിച്ചത്. പ്രതിഷേധക്കാർ കെട്ടിയ സമരപ്പന്തൽ പൂർണ്ണമായി പൊളിച്ചുനീക്കിയ പൊലീസ്, ഓരോ വീടുകളിലും ബലംപ്രയോഗിച്ച് കയറി കുടികൊഴിപ്പിക്കൽ നടപടി ആരംഭിക്കുകയായിരുന്നു. പ്രദേശത്ത് ക്രൂരമായാണ് ജനങ്ങളെ തല്ലിച്ചതച്ചതെന്നും സംഭവത്തെക്കുറിച്ച് സർക്കാർ ഉന്നതതല അന്വേഷണം നടത്തണമെന്നും കുന്നത്തുനാട് മുൻ എംഎൽഎ പി വി ശ്രീനിജൻ ആവശ്യപ്പെട്ടു.
നേരത്തെ കുടിയൊഴിപ്പക്കൽ നടപടി ആരംഭിച്ചപ്പോഴൊക്കെയും സിപിഐ എം നേതൃത്വവും കുന്നത്തുനാട് എംഎൽഎയായിരുന്ന പി വി ശ്രീനിജിനും ചേർന്ന് ശക്തമായ പ്രതിരോധം തീർത്തിരുന്നു. ഈ പട്ടികജാതി കുടുംബങ്ങൾ 1976 മുതൽ തങ്ങളുടെ നിലനിൽപ്പിനുവേണ്ടി ആരംഭിച്ചതാണ് ഈ പോരാട്ടം. തലമുറകളായി ഇവർ താമസിക്കുന്ന സ്ഥലത്തുനിന്ന് ഇവരെ ഒഴുപ്പിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് കിഴക്കമ്പലം കണ്ണാട്ട് വീട്ടിൽ ശങ്കരൻനായർ കോടതിയിൽ നൽകിയ കേസിനെ തുടർന്നാണ് ഇപ്പോൾ ഈ നടപടികൾ ഉണ്ടായിരിക്കുന്നത്.
