സെക്രട്ടറിയേറ്റിന് മുന്നിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി

 സെക്രട്ടറിയേറ്റിന് മുന്നിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി

BY:TS TVM

തിരുവനന്തപുരം:

തലസ്ഥാന നഗരിയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി സെക്രട്ടറിയേറ്റ് വളപ്പിലെ മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. നെയ്യാറ്റിൻകര സ്വദേശിയായ വിനീത് എന്ന ഹോട്ടൽ ജീവനക്കാരനാണ് സെക്രട്ടറിയേറ്റിന്റെ രണ്ടാം നമ്പർ ഗേറ്റിന് സമീപമുള്ള മരത്തിൽ കയറി ജീവനൊടുക്കാൻ ശ്രമിച്ചത്. താൻ ജോലി ചെയ്ത ഹോട്ടലിൽ നിന്ന് കഴിഞ്ഞ രണ്ട് മാസമായി ശമ്പളം നൽകുന്നില്ലെന്ന് ആരോപിച്ചായിരുന്നു യുവാവിന്റെ പ്രതിഷേധം. ഒടുവിൽ പൊലീസും ഫയർഫോഴ്സും എത്തി നടത്തിയ മണിക്കൂറുകൾ നീണ്ട അനുനയ ചർച്ചകൾക്കൊടുവിലാണ് ഇയാളെ താഴെയിറക്കിയത്.

“ഞാൻ രണ്ട് മാസം കഷ്ടപ്പെട്ട് ജോലി ചെയ്തു, എന്നിട്ടും എനിക്ക് പൈസ തന്നില്ല. അർഹതപ്പെട്ട ശമ്പളം ചോദിച്ചപ്പോൾ എന്നെ ഊളൻപാറയിൽ (മാനസികാരോഗ്യ കേന്ദ്രം) കൊണ്ടുപോകുമെന്നാണ് അവർ ഭീഷണിപ്പെടുത്തിയത്. പൊറോട്ട അടിയാണ് എന്റെ ജോലി. രാവിലെ ഏഴ് മണിക്ക് കയറിയാൽ രാത്രി 11 മണി വരെ പണിയെടുക്കണം. ദിവസവും ആയിരം രൂപയാണ് കൂലി പറഞ്ഞിരുന്നത്. എന്നാൽ കള്ളക്കണക്കുകൾ എഴുതിവെച്ച് എനിക്കിപ്പോൾ ശമ്പളം തരാതെ പറ്റിക്കുകയാണ്.” — താഴെയിറക്കിയ ശേഷം വിനീത് മാധ്യമങ്ങളോട് പറഞ്ഞു.

സെക്രട്ടറിയേറ്റ് പോലെയുള്ള അതീവ സുരക്ഷാ മേഖലയിൽ പകൽസമയത്ത് നടന്ന ഈ സംഭവം വൻ ജനക്കൂട്ടത്തെയാണ് പ്രദേശത്ത് തടിച്ചുകൂടിയത്. കന്റോൺമെന്റ് പൊലീസും ഫയർഫോഴ്സും ചേർന്ന് യുവാവിന് ആവശ്യമായ സഹായങ്ങൾ ഉറപ്പുനൽകിയ ശേഷമാണ് മരത്തിൽ നിന്ന് ഇറക്കാൻ കഴിഞ്ഞത്. ശമ്പള കുടിശ്ശിക ലഭ്യമാക്കുന്നതിനായി ഹോട്ടൽ ഉടമകൾക്കെതിരെ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News