നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകം: പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ബുധനാഴ്ച

 നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകം: പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ബുധനാഴ്ച

പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. ഭാരതീയ ന്യായ സംഹിത (BNS) 103(1) പ്രകാരമുള്ള കൊലപാതകം, 126(2) പ്രകാരമുള്ള അന്യായമായി തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞിരിക്കുന്നത്. പ്രതിക്കുള്ള ശിക്ഷാവിധി ബുധനാഴ്ച പ്രഖ്യാപിക്കും. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

കോടതിയിൽ വിധി കേൾക്കാൻ എത്തിയപ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെ തികച്ചും നിസ്സംഗനായാണ് ചെന്താമര നിലയുറപ്പിച്ചത്. തനിക്ക് കോടതിയോട് ഒന്നും പറയാനില്ലെന്നും വേണമെങ്കിൽ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ എന്നും പ്രതി പ്രതികരിച്ചു. കോടതി വരാന്തയിൽ കാത്തിരുന്ന സമയത്തും പൊലീസുകാരോട് ഇയാൾ സാധാരണ നിലയിലാണ് സംസാരിച്ചത്.

പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവർ കൊല്ലപ്പെട്ട് ഒന്നര വർഷം പിന്നിടുമ്പോഴാണ് കേസിൽ നിർണായക വിധി വരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വിധി പറയേണ്ടിയിരുന്നതെങ്കിലും ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ മാസം 30-നാണ് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി നാലിൽ അന്തിമ വാദങ്ങൾ പൂർത്തിയായത്. ആകെയുള്ള 81 സാക്ഷികളിൽ 46 പേരുടെ മൊഴികൾ കോടതി പ്രതിയെ വായിച്ചുകേൾപ്പിച്ചെങ്കിലും തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം ചെന്താമര നിഷേധിക്കുകയായിരുന്നു.

കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയത് ശക്തമായ ശാസ്ത്രീയ-സാഹചര്യ തെളിവുകളാണ്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ഇതൊരു അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. 2026 ഫെബ്രുവരി 23-നാണ് ഈ കേസിൽ വിചാരണ ആരംഭിച്ചത്. സുധാകരനെ പ്രതി വെട്ടുന്നത് നേരിട്ട് കണ്ട ആദിവാസി യുവാവാണ് കേസിലെ പ്രധാന ദൃക്‌സാക്ഷി. പ്രതിയെ ഭയന്ന് ഇയാൾ ഒരു മാസത്തോളം ഒളിവിൽ പോയിരുന്നു.

പ്രതികാരം തീർത്തത് ജാമ്യത്തിലിറങ്ങി

2025 ജനുവരി 27-നായിരുന്നു നാടിനെ വിറപ്പിച്ച ഇരട്ടക്കൊലപാതകം നടന്നത്. സുധാകരനെയും ലക്ഷ്മിയെയും വീടിന് മുൻപിലിട്ട് ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുധാകരനെ ആക്രമിക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് അമ്മ ലക്ഷ്മിയെയും വെട്ടിയത്. സുധാകരൻ സംഭവസ്ഥലത്തും ലക്ഷ്മി സ്വകാര്യ ആശുപത്രിയിലുമാണ് മരണപ്പെട്ടത്.

ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നു കഴിയുന്നതിന് കാരണം സുധാകരന്റെ കുടുംബമാണെന്ന മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. സുധാകരന്റെ കുടുംബം ദുർമന്ത്രവാദം ചെയ്തതിനാലാണ് തന്റെ കുടുംബം തകർന്നതെന്ന സംശയത്താൽ 2019 ഓാഗസ്റ്റ് 31-ന് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. തുടർന്ന് സെപ്റ്റംബർ രണ്ടിന് പൊലീസ് അറസ്റ്റ് ചെയ്ത ഈ കേസിൽ 2025 ഒക്ടോബറിൽ പ്രതിക്ക് കോടതി ഇരട്ട ജീവപര്യന്തവും 3.25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഈ സജിത വധക്കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര വീണ്ടുമെത്തി സുധാകരനെയും ലക്ഷ്മിയെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News