മുഖ്യമന്ത്രിക്കെതിരെ സിഎംആർഎൽ എംഡിയുടെ മൊഴി: ആരോപണങ്ങൾ തള്ളി പിണറായി വിജയൻ
തിരുവനന്തപുരം:
എക്സാലോജിക് കമ്പനി ഉടമയായിരുന്ന വീണ വിജയന് പണം നൽകിയത് പിതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനോടുള്ള അടുപ്പം കാരണമാണെന്ന സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മൊഴി തള്ളി മുഖ്യമന്ത്രി. ആരോപണങ്ങൾ പൂർണ്ണമായും മാധ്യമസൃഷ്ടിയാണെന്നും ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം പുറത്തുവരട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സിപിഎം നേതാവ് പി.കെ. ശ്രീമതിക്കെതിരെ മുൻപ് വന്ന വ്യാജ വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ശശിധരൻ കർത്ത നൽകിയ മൊഴിയെക്കുറിച്ച് ചോദിച്ചപ്പോൾ, ഇവിടെയുള്ള മാധ്യമങ്ങളിലല്ലേ പി.കെ. ശ്രീമതിയുടെ വാർത്ത വന്നതെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുചോദ്യം. എന്തെല്ലാം കാര്യങ്ങൾ ഇതിനോടകം സൃഷ്ടിച്ചുവെന്നും എങ്ങനെയെങ്കിലും കാര്യങ്ങൾ തന്നിലേക്ക് എത്തിക്കാനല്ലേ ശ്രമിക്കുന്നതെന്നും ചോദിച്ച അദ്ദേഹം, താൻ എന്തൊക്കെ നേരിട്ടതാണെന്നും വ്യക്തമാക്കി. വിഷയം ആവർത്തിച്ച് ഉന്നയിച്ചപ്പോൾ ‘കമല ഇൻ്റർനാഷണൽ നിങ്ങൾ വിട്ടോ’ എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം തിരിച്ചുചോദിച്ചു.
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണയുടെ ഐടി കമ്പനി യാതൊരുവിധ സേവനങ്ങളും നൽകിയിട്ടില്ലെന്നും, പിണറായി വിജയനോടുള്ള വ്യക്തിപരമായ അടുപ്പം കാരണമാണ് പണം നൽകിയതെന്നുമാണ് കർത്ത ഇ.ഡിക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നത്. 2024 ഏപ്രിൽ 24-ന് നൽകിയ ഈ മൊഴിയുടെ വിവരങ്ങൾ പുറത്തുവന്നത് വിണ വിജയന് തിരിച്ചടിയായിട്ടുണ്ട്. മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായി വീണയുടെ ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി നേരത്തെ മരവിപ്പിച്ചിരുന്നു. നിലവിൽ എക്സാലോജിക് കമ്പനി പ്രവർത്തിക്കുന്നില്ല.
