സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനെതിരെ പിഎസ്‌സി അംഗങ്ങൾ; ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകും

 സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനെതിരെ പിഎസ്‌സി അംഗങ്ങൾ; ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകും

BY:TNN WEB TEAM

തിരുവനന്തപുരം:

സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) അംഗങ്ങൾ രംഗത്തെത്തി. ഭരണഘടനാ സ്ഥാപനമെന്ന നിലയിലുള്ള പ്രോട്ടോക്കോളും ക്രിമിനൽ നടപടിച്ചട്ടപ്രകാരമുള്ള പ്രത്യേക പരിരക്ഷയും ചൂണ്ടിക്കാട്ടി പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവും മറ്റ് അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകാൻ തീരുമാനിച്ചു. കൂടാതെ ക്രൈംബ്രാഞ്ച് നോട്ടീസിൽ നിയമോപദേശം തേടാനും കമ്മീഷൻ യോഗം നിശ്ചയിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകേണ്ടതില്ലെന്നാണ് പിഎസ്‌സി അംഗങ്ങളുടെ കൂട്ടായ തീരുമാനം. ഭരണഘടനാ തസ്തികയിലിരിക്കുന്നവർക്ക് സാധാരണ നടപടിക്രമങ്ങളിൽ നിന്ന് പരിരക്ഷയുണ്ടെന്നാണ് കമ്മീഷന്റെ പ്രധാന വാദം.

ഈ മാസം 15 മുതൽ പിഎസ്‌സി അംഗങ്ങളുടെ മൊഴിയെടുക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ പ്ലാൻ. അന്വേഷണ സംഘത്തിലെ എസ്.പി സഖറിയ വ്യാഴാഴ്ച പൊലീസ് ഉദ്യോഗസ്ഥൻ മുഖേനയാണ് ചെയർമാന്റെയും അംഗങ്ങളുടെയും ഓഫീസുകളിൽ നോട്ടീസ് എത്തിച്ചത്. കേസിൽ ഉദ്യോഗസ്ഥരുടെയും പരാതിക്കാരുടെയും മൊഴികൾ നേരത്തേ രേഖപ്പെടുത്തിയിരുന്ന ക്രൈംബ്രാഞ്ച്, അംഗങ്ങളുടെ മൊഴിയെടുത്ത ശേഷം ചെയർമാൻ എം.ആർ. ബൈജുവിനെ ചോദ്യം ചെയ്യാനാണ് പദ്ധതിയിട്ടിരുന്നത്. കമ്മീഷന്റെ ഉറച്ച നിലപാടോടെ കേസിന്റെ തുടർനടപടികൾ നിയമപോരാട്ടത്തിലേക്ക് വഴിമാറുമെന്നാണ് സൂചന.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News