23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകിയാൽ കർശന നടപടി: സഹകരണ-എക്സൈസ് മന്ത്രി എം. ലിജു
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽ 23 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് മദ്യം വിതരണം ചെയ്താൽ കർശനവും ശക്തവുമായ നടപടികൾ സ്വീകരിക്കുമെന്ന് സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു നിയമസഭയിൽ മുന്നറിയിപ്പ് നൽകി. നിയമസഭയിലെ ചോദ്യോത്തര വേളയിൽ എറണാകുളം എം.എൽ.എ ടി.ജെ. വിനോദ് ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവേ, നെടുമ്പാശ്ശേരിയിൽ അടുത്തിടെയുണ്ടായ വാഹനാപകടത്തിൽ ബാറുകൾക്കെതിരെ എടുത്ത നടപടികൾ വിശദീകരിക്കുകയായിരുന്നു മന്ത്രി.
എറണാകുളത്തുണ്ടായ വാഹനാപകടം ഏറെ ദാരുണമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മദ്യപിച്ച് ലഹരിയിലായിരുന്ന ഒരു സംഘം യുവാക്കൾ ഓടിച്ച വാഹനം തട്ടി, കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷകളായിരുന്ന മൂന്ന് ചെറുപ്പക്കാരുടെ ജീവനാണ് പൊലിഞ്ഞത്. സംഭവത്തിന് പിന്നാലെ എക്സൈസ് വകുപ്പ് ഉടൻതന്നെ കർശന ഇടപെടൽ നടത്തി.
23 വയസ്സിൽ താഴെയുള്ള യുവാവിന് നിയമവിരുദ്ധമായി മദ്യം നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് അബ്കാരി നിയമത്തിലെ 56 ബി, 15 ബി എന്നീ വകുപ്പുകൾ പ്രകാരം മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.
