ഉപ്പുതറ ഈറ്റക്കാനത്ത് കാട്ടുതേനീച്ചയാക്രമണം: 30 ഓളം പേർക്ക് പരിക്കേറ്റു; കെ.എസ്.ആർ.ടി.സി ബസിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ഭീതിയിൽ മലയോര മേഖല
BY: SHIBU THAMPI IDUKKI
ഇടുക്കി : ഇടുക്കി ഉപ്പുതറ ഈറ്റക്കാനത്ത് കാട്ടുതേനീച്ചകളുടെ ആക്രമണത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു. റോഡിലൂടെ കാൽനടയായും വാഹനങ്ങളിലും സഞ്ചരിച്ചവർക്കും സമീപത്തെ പറമ്പുകളിൽ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കുമാണ് തേനീച്ചയുടെ കുത്തേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ഉപ്പുതറ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടുതേനീച്ചകളുടെ ഭീഷണി ഉയർന്നതോടെ മലയോര മേഖലകളിലൂടെ യാത്ര ചെയ്യുന്നവരും തോട്ടം തൊഴിലാളികളും വലിയ ഭീതിയിലാണ്. വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് തേനീച്ചക്കൂടുകൾ നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അതേസമയം, രണ്ടു ദിവസം മുമ്പ് പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിന് നേരെ കാട്ടുതേനീച്ചകളുടെ കൂട്ട ആക്രമണം നടന്നിരുന്നു. വള്ളക്കടവിന് സമീപം കോഴിക്കാനത്ത് വെച്ച് നടന്ന സംഭവത്തിൽ ബസിന്റെ ജനലുകളിലൂടെ അകത്തുകയറിയ തേനീച്ചക്കൂട്ടം നിരവധി യാത്രക്കാരെയും ജീവനക്കാരെയും കുത്തി പരിക്കേൽപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസ് ആക്രമിക്കപ്പെട്ടതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് ഇപ്പോൾ ഉപ്പുതറയിലും സമാനമായ രീതിയിൽ വലിയ തോതിൽ തേനീച്ചയാക്രമണം ഉണ്ടായിരിക്കുന്നത്.
