സംസ്ഥാന വഖഫ് ബോർഡിൽ അഴിച്ചുപണി; നിലവിലെ ഭരണസമിതി പിരിച്ചുവിടാൻ സർക്കാർ നീക്കം

കോഴിക്കോട്: സംസ്ഥാന വഖഫ് ബോർഡിൽ വലിയ അഴിച്ചുപണിക്ക് സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് പുതിയ ഭരണസമിതിയെ നിയമിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ തലത്തിൽ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം ഈ ആഴ്ച തന്നെ പുറത്തിറങ്ങിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
നിലവിലെ ബോർഡിന് ഇനിയും നാലര വർഷത്തോളം കാലാവധി ശേഷിക്കെയാണ് ഭരണസമിതി പുനഃസംഘടിപ്പിക്കാനുള്ള നീക്കം. ബോർഡ് അംഗങ്ങളുടെ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉയർന്ന വിവാദങ്ങളും നിയമപരമായ ചോദ്യങ്ങളുമാണ് സർക്കാരിന്റെ നടപടിക്ക് പിന്നിലെന്നാണ് സൂചന.
പ്രത്യേകിച്ച്, ഇസ്‌ലാമിക പണ്ഡിത വിഭാഗത്തിലെ ചില നിയമനങ്ങളിൽ ആവശ്യമായ യോഗ്യത പാലിച്ചിട്ടില്ലെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. വഖഫ് ബോർഡിലേക്ക് വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന നടപടിക്ക് പകരം ഇത്തവണ നോമിനേഷൻ വഴിയാണ് അംഗങ്ങളെ തെരഞ്ഞെടുത്തതെന്ന വിമർശനവും ശക്തമായിരുന്നു.
അതേസമയം, ബോർഡിന്റെ നിലവിലെ ഘടന സംബന്ധിച്ച് നിയമപരമായ ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്. വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ബോർഡിൽ രണ്ട് അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ലെന്നതാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്ന ആക്ഷേപം.
ഇതുമായി ബന്ധപ്പെട്ട് ബോർഡിന്റെ ഘടന ചോദ്യം ചെയ്ത് നാല് പൊതുതാത്പര്യ ഹർജികൾ നിലവിൽ കോടതിയുടെ പരിഗണനയിലുണ്ട്. കോടതി നടപടികൾ കൂടുതൽ മുന്നോട്ടുപോകുന്നതിന് മുമ്പ് ഭരണപരവും നിയമപരവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ ബോർഡ് പിരിച്ചുവിട്ട് പുതിയ ഭരണസമിതി രൂപീകരിക്കാനുള്ള നീക്കമെന്നാണ് സൂചന.
പുതിയ ഭരണസമിതിയുടെ രൂപീകരണത്തോടെ വഖഫ് ബോർഡിലെ അംഗ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും നിയമപ്രശ്നങ്ങൾക്കും പരിഹാരം കാണാനാകുമെന്നാണ് സർക്കാർ നിലപാടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം.
:
