കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ സ്പോർട്സ് കോൺവൊക്കേഷൻ തൃശൂരിൽ നടന്നു; തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

 കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ സ്പോർട്സ് കോൺവൊക്കേഷൻ തൃശൂരിൽ നടന്നു; തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

REPORTED BY : DOULATH

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ 2025–26 അധ്യയന വർഷത്തെ സ്പോർട്സ് കോൺവൊക്കേഷൻ സർവകലാശാല സെനറ്റ് ഹാളിൽ വെച്ച് നടന്നു. കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച കോളേജുകളെയും വിദ്യാർത്ഥികളെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ ഇന്റർസോൺ, ഇന്റർയൂണിവേഴ്സിറ്റി മത്സരങ്ങളിൽ മികവ് തെളിയിച്ച 975 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

കായിക മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ചാമ്പ്യൻസ് ട്രോഫിയും എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജും മൂന്നാം സ്ഥാനം കോഴിക്കോട് മലബാർ മെഡിക്കൽ കോളേജും കരസ്ഥമാക്കി. ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി തലത്തിൽ മെഡലുകൾ നേടിയ അഞ്ജന കൃഷ്ണ വി.കെ. (വനിതാ പവർലിഫ്റ്റിംഗ് – വെങ്കലം), തേജസ് പി. (തായ്‌ക്വാണ്ടോ–പൂംസെ – വെങ്കലം) എന്നിവരെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.

തിരക്കേറിയ പഠനക്രമങ്ങൾക്കിടയിലും വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും ശാരീരികക്ഷമതയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് കായിക പ്രവർത്തനങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുള്ളതെന്ന് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി. കൂടാതെ, സ്പോർട്സ് ഫിസിയോളജിയിൽ പുതിയ പ്രത്യേക കോഴ്സ് ആരംഭിക്കുന്നതിനായി ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ വിദഗ്ധരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

പ്രോ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) സി.പി. വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ രജിസ്ട്രാർ പ്രൊഫ. (ഡോ.) ഗോപകുമാർ എസ്., പരീക്ഷാ കൺട്രോളർ ഡോ. എസ്. അനിൽകുമാർ, ഫിനാൻസ് ഓഫീസർ എം.എസ്. സുധീർ, സർവകലാശാല സ്പോർട്സ് കോർഡിനേറ്റർ ബിജു കുമാർ വി.എൽ. തുടങ്ങിയവർ സംബന്ധിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News