ചെന്നൈയില് അതിതീവ്ര മഴ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 2023-നു ശേഷമുള്ള ഏറ്റവും വലിയ മഴയെന്ന് കാലാവസ്ഥാ നിരീക്ഷകര്
BY: MOHANDAS VADAPANANI
ചെന്നൈ: തമിഴ്നാട്ടിൽ വടക്കുകിഴക്കൻ മൺസൂൺ ശക്തമായതിനെത്തുടർന്ന് ചെന്നൈ നഗരത്തിലും വിവിധ ജില്ലകളിലും കനത്ത മഴ തുടരുന്നു. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവണ്ണാമലൈ, വില്ലുപുരം എന്നീ ആറ് ജില്ലകളിൽ ‘ഓറഞ്ച്’ അലർട്ടും മറ്റ് എട്ട് ജില്ലകളിൽ ‘യെല്ലോ’ അലർട്ടും പ്രഖ്യാപിച്ചു. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ദുരിതബാധിത പ്രദേശങ്ങളിൽ നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിന്റെ (NDRF) രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
2023 ഡിസംബറിലെ മിഷോങ് ചുഴലിക്കാറ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന മഴയാണ് കഴിഞ്ഞദിവസം നഗരത്തിൽ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷകൻ പ്രദീപ് ജോൺ വ്യക്തമാക്കി. പാരീസ് കോർണർ മേഖലയിൽ 35.5 സെന്റിമീറ്ററും കതിവാക്കത്ത് 33.4 സെന്റിമീറ്ററും മഴ ലഭിച്ചു. കനത്ത മഴയെത്തുടർന്ന് ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെയും മോശമായി ബാധിച്ചു. അന്താരാഷ്ട്ര, ആഭ്യന്തര സര്വീസുകള് ഉള്പ്പെടെ ഇരുപതിലധികം വിമാനങ്ങളുടെ യാത്രകള് വൈകുകയും ചിലത് ആകാശത്ത് വട്ടമിട്ടു പറക്കേണ്ടി വരികയും ചെയ്തു.
