വിനോദയാത്രയ്ക്ക് പുറപ്പെടാനിരിക്കെ മരണം; മേലുകാവിനെ കണ്ണീരിലാഴ്ത്തി ആറാം വാർഡ് മെമ്പർ അന്നമ്മ ജോസഫിന്റെ അപ്രതീക്ഷിത വിയോഗം
BY :GIJO MOOZHAYIL
മേലുകാവ്: മേലുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് അംഗം അന്നമ്മ ജോസഫ് (55) കുഴഞ്ഞുവീണ് മരിച്ചു. അപ്രതീക്ഷിതമായുണ്ടായ വിയോഗം മേലുകാവിനെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.
മേലുകാവ് കോണിപ്പാട് കണ്ണംപള്ളിൽ ജോൺസൺ ജോർജിന്റെ ഭാര്യയാണ് അന്നമ്മ ജോസഫ്. ജോൺസൺ ജോർജ് മുല്ലപ്പെരിയാറിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുകയാണ്. കോണിപ്പാട് നടുത്തൊട്ടിയിൽ കുടുംബാംഗമാണ് അന്നമ്മ.
മുട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ദീർഘകാലം നഴ്സായി സേവനമനുഷ്ഠിച്ചിരുന്ന അന്നമ്മ പൊതുപ്രവർത്തന രംഗത്തും സജീവമായിരുന്നു. ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അവർ കഴിഞ്ഞ ദിവസം മേലുകാവ് ഗ്രാമപഞ്ചായത്തിലെ കേരളോത്സവത്തിന്റെ സംഘാടനത്തിലും സജീവമായി പങ്കെടുത്തിരുന്നു.
ഇന്ന് രാവിലെ മേലുകാവ് ഹെൻറി ബേക്കർ കോളേജിലെ 1989 പ്രീഡിഗ്രി ബാച്ചിലെ സഹപാഠികൾക്കൊപ്പം ആലപ്പുഴയിലേക്ക് വിനോദയാത്ര പോകാനുള്ള ഒരുക്കത്തിലായിരുന്നു. യാത്രയ്ക്കായി തയ്യാറെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു വിനോദയാത്രയുടെ സന്തോഷത്തിലേക്ക് കടക്കാനിരിക്കെ അപ്രതീക്ഷിതമായി സംഭവിച്ച വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും തീരാനൊമ്പരമായി. പൊതുപ്രവർത്തനത്തിലും സാമൂഹിക ഇടപെടലുകളിലും സജീവമായിരുന്ന അന്നമ്മയുടെ വേർപാട് മേലുകാവിന് വലിയ നഷ്ടമാണ്.
