ചിന്നക്കനാലിൽ വീണ്ടും ആനദൗത്യം; ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാൻ വനംവകുപ്പ്
BY ; SHIBU K THAMPI IDUKKI
പാറ പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ തുടർച്ചയായി ഇറങ്ങി ജനജീവിതം ദുസ്സഹമാക്കുന്ന കാട്ടാന ‘ചക്കക്കൊമ്പനെ’ മയക്കുവെടിവെച്ച് പിടികൂടാൻ വനംവകുപ്പ് ഒരുങ്ങുന്നു. നേരത്തെ മയക്കുവെടിയുതിർത്ത് ചിന്നക്കനാലിൽ നിന്ന് മാറ്റിയ അരിക്കൊമ്പന് പിന്നാലെയാണ് ചക്കക്കൊമ്പനെയും തളയ്ക്കാനുള്ള ദൗത്യത്തിന് വനംവകുപ്പ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
പിടികൂടുന്ന ആനയെ റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ചിന്നക്കനാലിൽ തന്നെ തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം. ദൗത്യത്തിന് കരുത്തേകാൻ വയനാട്ടിൽ നിന്ന് ‘വിക്രം’, ‘ഭരത്’ എന്നീ കുങ്കിയാനകളെ അടുത്ത ദിവസം ചിന്നക്കനാലിൽ എത്തിക്കും. ആനയുടെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കാൻ തെർമൽ ഡ്രോൺ ക്യാമറകളും സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 301 കോളനി മേഖലയിൽ ആനയുള്ളതായി പ്രത്യേക നിരീക്ഷണ സംഘം സ്ഥിരീകരിച്ചിരുന്നു.
വെല്ലുവിളിയായി ഭൂപ്രകൃതിയും മൂടൽമഞ്ഞും
അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാൻ ഏകദേശം ഇരുപതോളം ദിവസമാണ് വേണ്ടിവന്നത്. ചക്കക്കൊമ്പന്റെ കാര്യത്തിൽ പ്രദേശത്തെ ദുർഘടമായ ഭൂപ്രകൃതിയാണ് ദൗത്യസംഘത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. നിരപ്പായ പ്രദേശത്ത് എത്തിയാൽ മാത്രമേ സുരക്ഷിതമായി മയക്കുവെടിയുതിർക്കാൻ സാധിക്കുകയുള്ളൂ. ഇതിനുപുറമെ പ്രദേശത്ത് തളംകെട്ടി നിൽക്കുന്ന കനത്ത മൂടൽമഞ്ഞും ആനയെ നിരീക്ഷിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. മയക്കുവെടിവെക്കുന്നതിന് മുന്നോടിയായി ആന ആരോഗ്യവാനാണെന്ന വെറ്ററിനറി ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും അനിവാര്യമാണ്.
വനംവകുപ്പിന്റെ തീരുമാനത്തിൽ നാട്ടുകാർക്ക് പ്രതിഷേധം
മയക്കുവെടിവെച്ച് പിടികൂടുന്ന ചക്കക്കൊമ്പനെ ചിന്നക്കനാലിൽ തന്നെ തുറന്നുവിടാനുള്ള വനംവകുപ്പിന്റെ നീക്കത്തിനെതിരെ പ്രദേശവാസികൾക്കിടയിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. അരിക്കൊമ്പനെ മാറ്റിയതുപോലെ ചക്കക്കൊമ്പനെയും ജനവാസ മേഖലകളിൽ നിന്ന് അകലെയുള്ള ഉൾവനത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, റേഡിയോ കോളർ ഘടിപ്പിക്കുന്നതിലൂടെ ആനയുടെ നീക്കങ്ങൾ തത്സമയം നിരീക്ഷിക്കാനും ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് മുൻകൂട്ടി തടയാനും സാധിക്കുമെന്നാണ് വനംവകുപ്പ് അധികൃതരുടെ വിശദീകരണം.
