നേതാക്കളെ വേട്ടയാടാനുള്ള ഇഡി നീക്കം രാഷ്ട്രീയ ഗൂഢാലോചന; ശക്തമായി നേരിടുമെന്ന് സിപിഐ എം
BY:TS YVM
തിരുവനന്തപുരം:
കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിന്റെ മറവിൽ സിപിഐ എം നേതാക്കളെ വേട്ടയാടാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ എംപി, എ.സി. മൊയ്തീൻ എംഎൽഎ, തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവർക്ക് പിഎംഎൽഎ കോടതി സമൻസ് അയച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന് പാർട്ടി പ്രസ്താവനയിൽ അറിയിച്ചു.
ബിജെപിയുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ച് ജനകീയ നേതാക്കളെ അപകീർത്തിപ്പെടുത്താനാണ് കേന്ദ്ര ഏജൻസി ശ്രമിക്കുന്നതെന്ന് സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. സഹകരണ മേഖലയിലെ ക്രമക്കേടുകൾ സംസ്ഥാന പൊലീസും സഹകരണ വകുപ്പും കൃത്യമായി അന്വേഷിക്കുന്നതിനിടെയാണ് ഇഡി ഇടപെട്ടത്. ബാങ്കിനെ സംരക്ഷിക്കാനും നിക്ഷേപകർക്ക് പണം തിരികെ നൽകാനും മുൻകൈ എടുത്ത നേതാക്കളെയാണ് ഇപ്പോൾ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അഴിമതിക്കേസുകൾ ഒതുക്കിത്തീർക്കാൻ കൈക്കൂലി വാങ്ങിയ ഇഡി ഉദ്യോഗസ്ഥർ തന്നെ കേരളത്തിലെ അഴിമതിരഹിതരായ നേതാക്കളെ വേട്ടയാടുന്നത് വ്യാമോഹം മാത്രമാണെന്നും, ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സിപിഐ എം വ്യക്തമാക്കി.
