കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിലും കോട്ടയത്തും ഓറഞ്ച് അലർട്ട്; 5 ജില്ലകളിൽ യെല്ലോ അലർട്ട്
BY: TNN WEB TEAM
തിരുവനന്തപുരം:
സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ഇടുക്കി, കോട്ടയം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കടുത്ത ചൂടിന് ആശ്വാസമേകിക്കൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്തമായ മഴ ലഭിച്ചത്. എന്നാൽ വൈകുന്നേരത്തോടുകൂടി മഴ കൂടുതൽ ശക്തി പ്രാപിക്കുന്ന കാഴ്ചയാണ് കാണുന്നത്. അടുത്ത മണിക്കൂറുകളിൽ 5 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, വയനാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണം. നിലവിൽ ഇത് ഒഡീഷ – ആന്ധ്ര തീരത്തേക്ക് നീങ്ങുകയാണ്. തീരത്തോടടുക്കുംതോറും ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നും ഒഡീഷ – ആന്ധ്ര തീരത്തിന് അടുത്തെത്തുമ്പോൾ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
