മുതിർന്ന പൗരന്മാർക്ക് താങ്ങായി പുതിയ നിയമം; വയോജനങ്ങളെ ഉപദ്രവിച്ചാൽ 3 വർഷം വരെ തടവും അര ലക്ഷം പിഴയും

തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ പരിചരണവും അവകാശ സംരക്ഷണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പുതിയ ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. രാജ്യത്ത് ആദ്യമായി വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച ശേഷമാണ് കേരളം ഈ സമഗ്ര നിയമനിർമാണത്തിലേക്ക് കടക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ബിൽ സഭയുടെ മുന്നിൽ വെക്കുന്നത്.
കടുത്ത ശിക്ഷയും നിയമപരിരക്ഷയും
മുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുക, വീട്ടിൽ നിന്ന് ഇറക്കിവിടുക, ഉപദ്രവിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് മൂന്ന് വർഷം വരെ തടവും അര ലക്ഷം രൂപ പിഴയും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, വയോജനങ്ങളുടെ സ്വത്തോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ തട്ടിയെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെയും സംരക്ഷണം നൽകാതെ ഉപേക്ഷിക്കുന്നവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കും.
പൊലീസ് സ്റ്റേഷനുകളിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണന നൽകും. ഇവരുടെ പരാതികൾ കൃത്യമായി കൈകാര്യം ചെയ്യുന്നതിനായി സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായി ചുമതലപ്പെടുത്തും. അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനായി ‘വയോജന അയൽപക്ക സൗഹൃദ ശൃംഖല’ രൂപീകരിക്കാനും സൈബർ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കാൻ അതിവേഗ നടപടിക്രമങ്ങൾ കൈക്കൊള്ളാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ജീവിതത്തിന്റെ അവസാനഘട്ടത്തിൽ നൽകേണ്ട ചികിത്സകൾ സംബന്ധിച്ച് മുൻകൂട്ടി തീരുമാനമെടുക്കാൻ സഹായിക്കുന്ന ‘ലിവിങ് വിൽ’ തയ്യാറാക്കാനുള്ള അവകാശവും നിയമം ഉറപ്പുനൽകുന്നു.
പരിചരണ കേന്ദ്രങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധം
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മുഴുവൻ മുതിർന്ന പൗര പരിചരണ കേന്ദ്രങ്ങൾക്കും ഇനിമുതൽ രജിസ്ട്രേഷൻ നിർബന്ധമാക്കും. സ്വന്തം വീടുകളിൽ കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കും. ഭാവിയിൽ നിർമ്മിക്കുന്ന എല്ലാ പൊതു കെട്ടിടങ്ങളും വയോജന സൗഹൃദമായിരിക്കും. ഡിജിറ്റൽ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഓൺലൈൻ പോർട്ടലുകളിൽ വലിയ അക്ഷരങ്ങളും ലളിതമായ ഇന്റർഫേസുകളും ഉറപ്പാക്കും. ഗൃഹപരിചരണ സേവന ഏജൻസികൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിനൊപ്പം പരിചരണദാതാക്കൾക്ക് കൃത്യമായ പരിശീലനവും നിയമം അനുശാസിക്കുന്നു.
വയോജന ക്ഷേമത്തിന് പ്രത്യേക സംവിധാനങ്ങൾ
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വയോജന സൗകര്യ ഡെസ്കും മുഴുവൻ സമയവും പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺ ഹെൽപ് ലൈനും ഉടൻ നിലവിൽ വരും. സംസ്ഥാന-ജില്ലാതലങ്ങളിൽ പ്രത്യേക സംരക്ഷണ യൂണിറ്റുകൾ, ഇൻഷുറൻസ് പദ്ധതികൾ, ആരോഗ്യ പരിരക്ഷ, ഭക്ഷ്യസുരക്ഷ, കരുതൽ നിധി എന്നിവയും ബില്ലിന്റെ ഭാഗമാണ്. വയോജനങ്ങൾക്കാവശ്യമായ തണലും അന്തസ്സുള്ള ജീവിതവും ഉറപ്പാക്കുകയാണ് ഈ നിയമ നിർമാണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
