കേരള വഖഫ് ബോർഡിന്റെ ചിറകരിഞ്ഞ് ഹൈക്കോടതി; വൻ രാഷ്ട്രീയ വിവാദത്തിലേക്ക്
സംസ്ഥാന വഖഫ് ബോർഡിന് സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കേരള രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റ് ഉയർത്തുന്നു. കേന്ദ്ര വഖഫ് നിയമത്തിലെ നിർദ്ദേശപ്രകാരം മുസ്‌ലിം ഇതര അംഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്താത്തത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കോടതി ഉത്തരവിന് പിന്നാലെ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷമായ സിപിഎമ്മും, ഉത്തരവിനെ സ്വാഗതം ചെയ്‌ത് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ കടന്നാക്രമിച്ച് ബിജെപിയും രംഗത്തെത്തി.
ബോർഡ് രൂപീകരണം ചട്ടപ്രകാരമല്ലെന്ന് ഹൈക്കോടതി
ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായകമായ ഈ ഇടക്കാല ഉത്തരവ് പുറത്തുവന്നത്. വഖഫ് ബോർഡിൽ മുസ്‌ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര നിയമത്തിലെ സെക്ഷൻ 14 സുപ്രീം കോടതി സ്റ്റേ ചെയ്‌തിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിലവിലെ കേരള വഖഫ് ബോർഡിൻ്റെ ഘടന ഈ നിയമപരമായ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് പ്രാഥമികമായി വിലയിരുത്തിയ കോടതി, അനുമതിയില്ലാതെ പ്രധാന തീരുമാനങ്ങളൊന്നും എടുക്കരുതെന്ന് ബോർഡിനോട് നിർദ്ദേശിക്കുകയായിരുന്നു.
യുഡിഎഫ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചെന്ന് സിപിഎം
കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാടാണ് ഇത്തരമൊരു ഉത്തരവിലേക്ക് നയിച്ചതെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായ പ്രസ്‌താവന പുറത്തിറക്കി. ഹൈക്കോടതിയിൽ ബിജെപി നേതാവിൻ്റെ ആവശ്യത്തെ അഡ്വക്കേറ്റ് ജനറൽ പൂർണ്ണമായി പിന്തുണച്ചുവെന്നും, ഇത് ബിജെപിയുടെ വർഗീയ അജണ്ടയ്ക്കൊപ്പം നിൽക്കുന്നതാണെന്നും സിപിഎം ആരോപിച്ചു.
“ബിജെപിയുടെ വർഗീയ അജണ്ടയ്ക്ക് അനുസൃതമായി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതിയിൽ നിലപാടെടുത്തതിലൂടെ യുഡിഎഫ് സർക്കാർ ന്യൂനപക്ഷങ്ങളെയും കേരളത്തിലെ മതേതര സമൂഹത്തെയും വഞ്ചിച്ചിരിക്കുകയാണ്. കേന്ദ്ര നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയതാണ്. അധികാരം കിട്ടിയപ്പോൾ യുഡിഎഫ് നിലപാട് മാറ്റിയത് ബിജെപിയുമായുള്ള ഏത് ഡീലിൻ്റെ ഭാഗമായാണ്? ഇതിനോട് മുസ്ലിം ലീഗ് യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം.” സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവിച്ചു.
