ഗുരുവായൂരപ്പന്റെ ശീവേലി എഴുന്നള്ളിപ്പിൽ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊമ്പൻ ‘കീർത്തി’ പങ്കെടുത്തു
തൃശൂർ: നീണ്ട അഞ്ചു വർഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് ശ്രീഗുരുവായൂരപ്പന്റെ ശീവേലി എഴുന്നള്ളിപ്പിൽ പങ്കുചേർന്ന് ഗുരുവായൂർ ദേവസ്വത്തിലെ പ്രശസ്ത കൊമ്പൻ ‘കീർത്തി’. ഇന്ന് ഉച്ചതിരിഞ്ഞു നടന്ന ശീവേലി എഴുന്നള്ളിപ്പിലാണ് കീർത്തിയാന പങ്കെടുത്തത്. ഏറെ നാളുകൾക്ക് ശേഷം ക്ഷേത്രത്തിനകത്തെത്തിയ കൊമ്പൻ തികച്ചും ശാന്തനായി വിജയകരമായി എഴുന്നള്ളിപ്പിന്റെ പ്രദക്ഷിണം പൂർത്തിയാക്കി.
2021-ലാണ് കീർത്തിയെ ഇതിനുമുമ്പ് ഒടുവിലായി ശീവേലിയിൽ പങ്കെടുപ്പിച്ചിരുന്നത്. പിന്നീട് ചില കാരണങ്ങളാൽ എഴുന്നള്ളിപ്പുകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ആനയെ വീണ്ടും ക്ഷേത്ര ചടങ്ങുകളുടെ ഭാഗമാക്കാൻ കഴിഞ്ഞത് പാപ്പാൻമാരായ മഹേഷ് പി.എസ്, ഉണ്ണിക്കൃഷ്ണൻ യു, വിബിൻ സി.വി എന്നിവരുടെ നിരന്തരമായ പരിശ്രമവും ദേവസ്വം ജീവധനം വിഭാഗം ജീവനക്കാരുടെ പൂർണ്ണ പിന്തുണയും മൂലമാണെന്ന് അധികൃതർ വ്യക്തമാക്കി.
ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹത്തോടെ ശീവേലി പ്രദക്ഷിണം ഭംഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞതോടെ, ഇനി ആനക്കോട്ടയ്ക്ക് പുറത്തുള്ള മറ്റ് പ്രമുഖ എഴുന്നള്ളിപ്പുകളിലും ഉത്സവങ്ങളിലും കീർത്തിയെ സജീവമായി പങ്കെടുപ്പിക്കാനാകുമെന്ന വലിയ പ്രതീക്ഷയിലാണ് ദേവസ്വം ജീവനക്കാരും ആനപ്രേമികളും.
