കോട്ടയം മെഡിക്കൽ കോളജിൽ ചരിത്ര നിമിഷം: ആദ്യ ചർമ്മദാനം വിജയകരമായി പൂർത്തിയാക്കി

 കോട്ടയം മെഡിക്കൽ കോളജിൽ ചരിത്ര നിമിഷം: ആദ്യ ചർമ്മദാനം വിജയകരമായി പൂർത്തിയാക്കി

തിരുവനന്തപുരം:

സംസ്ഥാനത്തെ അവയവദാന പ്രക്രിയയിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ട് കോട്ടയം മെഡിക്കൽ കോളജ്. ഇവിടെ പുതുതായി സജ്ജമാക്കിയ സ്‌കിൻ ബാങ്കിലെ ആദ്യത്തെ ചർമ്മദാനം വിജയകരമായി പൂർത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു. ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായി മരണമടഞ്ഞ പത്തനംതിട്ട സ്വദേശി ആഷിഖ് വിജയൻ്റെ (17) ചർമമാണ് ദാനം ചെയ്‌തത്. കോട്ടയം മെഡിക്കൽ കോളജിൽ സ്‌കിൻ ബാങ്കും സ്‌കിൻ ട്രാൻസ്പ്ലാൻ്റും ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ ചർമദാനമാണിത്.

കഴിഞ്ഞ ജൂൺ 28ന് പത്തനംതിട്ട ടൗണിലുണ്ടായ ബൈക്കപകടത്തെ തുടർന്നാണ് ആഷിഖിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം സംഭവിച്ചത്. മകൻ്റെ അപ്രതീക്ഷിത വിയോഗത്തിൻ്റെ കടുത്ത ദുഃഖത്തിനിടയിലും അവയവദാനത്തിന് മുന്നോട്ടുവന്ന അച്‌ഛൻ വിജയൻ സുകുമാരൻ, അമ്മ ജലജ ജി, സഹോദരൻ അശ്വിൻ എന്നിവരടങ്ങുന്ന കുടുംബത്തിൻ്റെ മാതൃകാപരമായ ഈ പ്രവൃത്തിയെ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ പ്രത്യേകം അഭിനന്ദിക്കുകയും ആദരവ് അറിയിക്കുകയും ചെയ്തു.

ആഷിഖിൻ്റെ ചർമ്മത്തോടൊപ്പം കോർണിയകളും (നേത്രപടലം) ദാനം ചെയ്യാൻ കുടുംബം സന്നദ്ധത പ്രകടിപ്പിച്ച് സമ്മതപത്രം നൽകിയിരുന്നുവെങ്കിലും ചില സാങ്കേതിക തടസങ്ങൾ കാരണം കോർണിയ ശേഖരിക്കാൻ സാധിച്ചില്ല. തുടർന്ന് ചർമദാന നടപടികൾ വിജയകരമായി പൂർത്തിയാക്കുകയായിരുന്നു.

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിന് ശേഷം സംസ്ഥാനത്തെ സർക്കാർ മേഖലയിലെ രണ്ടാമത്തെ സ്‌കിൻ ബാങ്കാണ് കോട്ടയത്ത് സജ്ജമാക്കിയിട്ടുള്ളത്. പൊള്ളലേറ്റവർക്കും മറ്റ് ഗുരുതരമായ ചർമ്മ രോഗബാധിതർക്കും വലിയ ആശ്വാസമേകുന്നതാണ് ഈ സംവിധാനം. 2026 മെയിലാണ് കോട്ടയം മെഡിക്കൽ കോളജിന് സ്‌കിൻ ബാങ്കിനുള്ള ഔദ്യോഗിക അനുമതി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാൻ്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) നൽകിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News