ഗുരുവായൂർ വികസനത്തിന് മാസ്റ്റർ പ്ലാൻ: ദർശനത്തിന് വെർച്വൽ ക്യൂ സംവിധാനം ഒരുങ്ങുന്നു
BY:TS TVM
ഗുരുവായൂർ:
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ വെർച്വൽ ക്യൂ സംവിധാനം നടപ്പാക്കുന്നു. ഗുരുവായൂരിൽ ദേവസ്വം ഭരണസമിതി അംഗങ്ങളുടെയും വിവിധ വകുപ്പ് മേധാവികളുടെയും സാന്നിധ്യത്തിൽ ചേർന്ന സമഗ്ര അവലോകന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ഗുരുവായൂർ, ശബരിമല, കൊട്ടിയൂർ ക്ഷേത്രങ്ങളെ കോർത്തിണക്കി സംസ്ഥാനത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം.
ക്ഷേത്ര വികസനത്തിനായുള്ള സമഗ്ര മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കും. വികസന പദ്ധതികൾക്കായി വിഭാവനം ചെയ്തിട്ടുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ ഒൻപത് മാസത്തിനകം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് യോഗം നിർദ്ദേശം നൽകി. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ അവ ചർച്ചകളിലൂടെ പരിഹരിക്കും. മൂന്ന് വർഷത്തിനുള്ളിൽ ക്ഷേത്ര വികസന പദ്ധതികൾ പ്രായോഗിക രൂപത്തിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അന്യാധീനപ്പെട്ട ക്ഷേത്രഭൂമികൾ പൂർണ്ണമായും തിരിച്ചുപിടിക്കുമെന്നും ഗുരുവായൂരപ്പന്റെ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെടുത്താൻ അനുവദിക്കില്ലെന്നും യോഗത്തിൽ വ്യക്തമാക്കി.
വെങ്ങാട് ഗോശാലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക വിദഗ്ധ സമിതിക്ക് രൂപം നൽകും. ആനക്കോട്ട സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ പുന്നത്തൂർ കോവിലകം സംരക്ഷിച്ച് ചരിത്ര സ്മാരകമാക്കും. ആനക്കോട്ടയിലെ ആനകളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം, അവയെ അലട്ടുന്ന പാദരോഗങ്ങൾക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ വിദഗ്ധ ഡോക്ടർമാരുടെ സേവനം തേടാനും തീരുമാനമായിട്ടുണ്ട്.
ദേവസ്വം ചെയർമാൻ, റവന്യൂ ദേവസ്വം സെക്രട്ടറി, ദേവസ്വം ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ, റവന്യൂ-ദേവസ്വം ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.
