തെലങ്കാനയിൽ വൻ ദുരന്തം: റിംസ് ആശുപത്രി എ.സി പൊട്ടിത്തെറിച്ച് രണ്ട് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം
BY: TNN WEB TEAM
ഹൈദരാബാദ്:
തെലങ്കാനയിലെ അദിലാബാദ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (റിംസ്) ആശുപത്രിയിലെ സ്പെഷ്യൽ നിയോനേറ്റൽ കെയർ യൂണിറ്റിൽ (എസ്.എൻ.സി.യു) ഉണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി 11.50-ഓടെ കുട്ടികളുടെ വാർഡിലെ എയർ കണ്ടീഷണർ (എ.സി) പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ അഞ്ച് ദിവസം പ്രായമുള്ള ഒരു കുഞ്ഞും ഉൾപ്പെടുന്നു. ഗുരുതരമായി പൊള്ളലേറ്റ മറ്റ് രണ്ട് കുഞ്ഞുങ്ങളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
അപകടസമയത്ത് 27 കുഞ്ഞുങ്ങളാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്നത്. എ.സി പൊട്ടിത്തെറിച്ചതോടെ വാർഡിലാകെ കനത്ത പുക പടരുകയും ആശുപത്രിക്കുള്ളിൽ വൻ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. വിവരമറിഞ്ഞയുടൻ ആശുപത്രി ഡയറക്ടർ ജയ് സിങ്ങിന്റെയും മറ്റ് ജീവനക്കാരുടെയും ആംബുലൻസ് ഡ്രൈവർമാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. വാർഡിന്റെ ജനൽച്ചില്ലുകൾ തകർത്താണ് പുക പുറത്തേക്ക് കളഞ്ഞതും കുഞ്ഞുങ്ങളെ പുറത്തെത്തിച്ചതും. എന്നാൽ ഇച്ചോഡ സ്വദേശിയായ സലീമിന്റെ അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു.
ഗുരുതരാവസ്ഥയിലായിരുന്ന മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെ 26 പേരെ ഉടൻ തന്നെ ആംബുലൻസുകളിൽ സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ ചികിത്സയിലിരിക്കെയാണ് രണ്ടാമത്തെ കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. ബാക്കിയുള്ള 25 കുഞ്ഞുങ്ങളും നിലവിൽ സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.
സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടൽ മൂലം തീ മറ്റ് വാർഡുകളിലേക്ക് പടരുന്നത് തടയാനായി. ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
