ഉപ്പുതറയിലെ കടകളിൽ മോഷണം നടത്തിയ കേസ്: അടിമാലിയിൽ പിടിയിലായ പത്തനംതിട്ട സ്വദേശികളെന്ന് പോലീസ്

 ഉപ്പുതറയിലെ കടകളിൽ മോഷണം നടത്തിയ കേസ്: അടിമാലിയിൽ പിടിയിലായ പത്തനംതിട്ട സ്വദേശികളെന്ന് പോലീസ്

BY: SHIBU K THAMPI PEERUMEDU

ഉപ്പുതറ: ഉപ്പുതറ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടത്തിയത് അടിമാലിയിൽ വെച്ച് പോലീസ് പിടിയിലായ പത്തനംതിട്ട സ്വദേശികളെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പത്തനംതിട്ട നൂറനാട് മറ്റപ്പള്ളി ചിറയുടെമേലേതിൽ സുനിലിന്റെ മകൻ അനന്തു (18), പത്തനംതിട്ട ഉളനൂർ കുളനട പുളവൻകുഴിമേലേതിൽ ജോൺ മാത്യുവിന്റെ മകൻ അലൻ (19) എന്നിവരാണ് അടിമാലിയിൽ വെച്ച് മറ്റൊരു മോഷണശ്രമത്തിനിടെ പിടിയിലായത്.

നവംബർ ഒന്നിന് പുലർച്ചെ 2.45-ഓടെയാണ് ഉപ്പുതറയിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ മോഷണവും രണ്ടിടത്ത് മോഷണശ്രമവും നടന്നത്. മൂന്ന് കടകളിൽ നിന്നായി 16,000 രൂപയും വിലപിടിപ്പുള്ള സാധനങ്ങളുമാണ് പ്രതികൾ കവർന്നത്. ഉപ്പുതറ എസ്.എച്ച്.ഒ ബേബി ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇരുവരും അടിമാലി പോലീസിന്റെ വലയിലാകുന്നത്.

തുടർന്ന് ഉപ്പുതറ പോലീസ് അടിമാലിയിലെത്തി പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഉപ്പുതറയിലെ മോഷണത്തിന് പിന്നിലും ഇവരാണെന്ന് തെളിഞ്ഞത്. നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികളുടെ അറസ്റ്റ് കോടതിയുടെ അനുമതിയോടെ ഉടൻ രേഖപ്പെടുത്തുമെന്നും, കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും ഉപ്പുതറ പോലീസ് അറിയിച്ചു.

അതേസമയം, ബുധനാഴ്ച രാത്രിയിൽ ചപ്പാത്ത് ക്ഷേത്രത്തിൽ നടന്ന മോഷണത്തിലും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News