യുഎസ്-ഇറാൻ യുദ്ധം; ഉടനടി ഒരു ചർച്ചാവിജയം പ്രതീക്ഷിക്കുന്നില്ലെന്ന് ഇരുരാജ്യങ്ങളും
ന്യൂഡൽഹി/ദുബായ്:
മൂന്ന് മാസമായി തുടരുന്ന അമേരിക്ക-ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ ഉടനടി ഒരു വലിയ വഴിത്തിരിവ് പ്രതീക്ഷിക്കുന്നില്ലെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) തർക്കങ്ങൾ, ആണവ പ്രശ്നങ്ങൾ, മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ വിട്ടുകൊടുക്കൽ എന്നിവയെ കേന്ദ്രീകരിച്ചാണ് നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നത്. അമേരിക്കയുമായി ഉടനടി ഒരു കരാറിലെത്താൻ സാധ്യതയില്ലെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കിയപ്പോൾ, നയതന്ത്ര ശ്രമങ്ങൾക്ക് തങ്ങൾ പൂർണ്ണമായ അവസരം നൽകുമെന്നും അല്ലാത്തപക്ഷം മറ്റ് വഴികൾ തേടുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇറാനുമായി ഒരു കരാറിലെത്താൻ ധൃതി കൂട്ടേണ്ടതില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച പ്രതിനിധികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മാർക്കോ റൂബിയോയുടെ പ്രതികരണം. ഹോർമുസ് കടലിടുക്ക് ചരക്കുനീക്കത്തിനായി തുറന്നുകൊടുക്കാമെന്നും സമ്പുഷ്ടീകരിച്ച യുറേനിയം ഒഴിവാക്കാമെന്നും ഇറാൻ തത്വത്തിൽ സമ്മതിച്ചിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ എണ്ണവിലയിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും, ഊർജ്ജ പ്രതിസന്ധി ഇപ്പോഴും നിലനിൽക്കുകയാണ്.
