കേരള മീഡിയ അക്കാദമിയുടെ ‘മീഡിയ പേഴ്‌സൺ ഓഫ് ദ ഇയർ’ പുരസ്‌കാരം അമേരിക്കൻ മാധ്യമപ്രവർത്തക ജൂലി ബ്രൗണിന്

 കേരള മീഡിയ അക്കാദമിയുടെ ‘മീഡിയ പേഴ്‌സൺ ഓഫ് ദ ഇയർ’ പുരസ്‌കാരം അമേരിക്കൻ മാധ്യമപ്രവർത്തക ജൂലി ബ്രൗണിന്

തിരുവനന്തപുരം:

കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ ‘മീഡിയ’യുടെ 2025-ലെ ‘മീഡിയ പേഴ്‌സൺ ഓഫ് ദ് ഇയർ’ അന്താരാഷ്ട്ര പുരസ്‌കാരത്തിന് അമേരിക്കയിലെ പ്രമുഖ പത്രമായ മയാമി ഹെറാൾഡിന്റെ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ജൂലി നൈപ്പ് ബ്രൗൺ അർഹയായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ മാധ്യമപ്രവർത്തനം നടത്തുന്ന വ്യക്തികൾക്കാണ് ഈ ആഗോള മാധ്യമ പുരസ്‌കാരം നൽകിവരുന്നത്.

അമേരിക്കൻ ശതകോടീശ്വരനായ ജെഫ്രി എപ്സ്റ്റീൻ നടത്തിയ അതിക്രൂരമായ ലൈംഗിക അതിക്രമങ്ങളെയും മനുഷ്യക്കടത്തിനെയും ലോകത്തിനു മുന്നിൽ തുറന്നു കാട്ടിയത് ജൂലി ബ്രൗൺ നടത്തിയ അന്വേഷണാത്മക മാധ്യമപ്രവർത്തനമായിരുന്നു. അമേരിക്കൻ മുഖ്യധാരാ മാധ്യമങ്ങൾ പോലും എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങൾ മൂടിവച്ച സമയത്താണ് ലോകത്തെ പിടിച്ചു കുലുക്കിയ വാർത്താ സ്ഫോടനം ജൂലി പുറത്തുകൊണ്ടുവന്നതും അതിലൂടെ വലിയൊരു ക്രിമിനൽ അധോലോകത്തെ തകർത്തതും. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളുടെ സാർവദേശീയ സംഘടന പ്രതിനിധികളുടെയും മീഡിയ മാഗസിൻ പത്രാധിപ സമിതി അംഗങ്ങളുടെയും ശുപാർശ പ്രകാരം അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇവരെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാലാണ് രണ്ടുമാസം മുമ്പ് പൂർത്തിയായ അവാർഡ് നിർണയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നീണ്ടുപോയത്.

പുരസ്‌കാരം നേരിട്ട് ഏറ്റുവാങ്ങാൻ കേരളത്തിൽ എത്താമെന്ന് ജൂലി ബ്രൗൺ സന്തോഷത്തോടെ സമ്മതിച്ചിട്ടുണ്ടെന്ന് അക്കാദമി ചെയർമാൻ പദവി സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി ആർ. എസ്. ബാബു അറിയിച്ചു. പുതിയ ചെയർമാന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി പുരസ്‌കാര സമർപ്പണത്തിനായുള്ള തുടർനടപടികൾ സ്വീകരിക്കും. ഏകദേശം ഒരു ദശകത്തോളം അക്കാദമിയുടെ പ്രവർത്തനങ്ങൾക്ക് കൂട്ടായ നേതൃത്വം നൽകാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇതിനായി പിന്തുണച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും ആർ. എസ്. ബാബു കൂട്ടിചേർത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News