അനധികൃത കുടിയേറ്റം: കഴക്കൂട്ടത്ത് രണ്ട് ബംഗ്ലാദേശി യുവതികൾ ഉൾപ്പെടെ എട്ടുപേർ പിടിയിൽ
BY; SUMESHKRISNAN
തിരുവനന്തപുരം:
സംസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാർക്കായി നടത്തുന്ന കർശന പരിശോധനക്കിടെ തലസ്ഥാനത്ത് രണ്ട് ബംഗ്ലാദേശി യുവതികൾ ഉൾപ്പെടെ എട്ടുപേർ പോലീസ് പിടിയിലായി. കഴക്കൂട്ടം മേനല്ലൂരിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന സുമി, ഇദ്ഖാനൂൻ എന്നീ ബംഗ്ലാദേശി യുവതികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കൊപ്പം പെൺവാണിഭ സംഘത്തിൽപ്പെട്ടവരെന്ന സംശയത്തിൽ മറ്റ് ആറുപേരെയും പോലീസ് പിടികൂടിയിട്ടുണ്ട്.
കൊല്ലം സ്വദേശി പുഷ്പ, കാട്ടാക്കട സ്വദേശി സുധീപ്, കർണാടക സ്വദേശി ഡാനിയൽ, വർക്കല സ്വദേശി നൗഫിയ, ബാംഗ്ലൂർ സ്വദേശി മധുമതി, പശ്ചിമ ബംഗാൾ സ്വദേശി മൗസ്മി ബിസ്വാൾ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. രണ്ടാഴ്ച മുമ്പ് കാര്യവട്ടം മേനല്ലൂരിൽ ഒരു ഇരുനില വീട് വാടകയ്‌ക്കെടുത്താണ് സംഘം താമസിച്ച് വന്നിരുന്നത്. ആയുർവേദ ഡോക്ടർമാരാണെന്ന് വീട്ടുടമസ്ഥനെ തെറ്റിദ്ധരിപ്പിച്ചാണ് 35,000 രൂപയ്ക്ക് വീട് വാടകയ്‌ക്കെടുത്തതെന്ന് പോലീസ് പറഞ്ഞു.
ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് (ATS) നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പോലീസാണ് പരിശോധന നടത്തിയത്. ഇവരിൽ നിന്നും രണ്ട് കാറുകളും നിരവധി മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസവും നഗരത്തിൽ അനധികൃതമായി താമസിച്ചിരുന്ന രണ്ട് ബംഗ്ലാദേശികളെ പിടികൂടിയിരുന്നു. മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്താനുള്ള പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് പോലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
